മഹാരാഷ്ട്ര: ലോറൻസ് ബിഷ്‍ണോയ് ഗുണ്ടാസംഘത്തിൽ നിന്ന് വധ ഭീഷണി ലഭിച്ചതായി കാണിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പൊലീസിൽ പരാതി നൽകി. ഡൽഹിയിൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയെ കൊലപ്പെടുത്തിയതുപോലെ വധിക്കുമെന്നാണ് ഭീഷണിയെന്ന് റാവുത്ത് പരാതിയിൽ സൂചിപ്പിച്ചു. ഹിന്ദു വിരുദ്ധൻ എന്നാണ് തന്റെ ഗുണ്ടാസംഘം വിശേഷിപ്പിച്ചതെന്നും റാവുത്ത് ചൂണ്ടിക്കാട്ടി.
ഡൽഹിയിലേക്ക് വാ...നിന്നെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു കൊല്ലും. നിനക്ക് കൊല്ലപ്പെട്ട സിദ്ധു മൂസവാലയുടെ അതേ ഗതിയാണ് വരാൻ പോകുന്നത്''-എന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് റാവുത്ത് പറഞ്ഞു. സഞ്ജയ് റാവുത്തിനെയും സൽമാൻ ഖാനെയും കൊലപ്പെടുത്തുമെന്നും സന്ദേശത്തിലുണ്ട്. സംഭവത്തിൽ പൂനെ പൊലീസ് വെള്ളിയാഴ്ച രാത്രി ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പൊലീസ് സ്റ്റേഷനിൽ വെച്ചും തനിക്കെതിരെ ആക്രമണ ശ്രമം നടന്നതായി റാവുത്ത് അവകാശപ്പെട്ടു. പത്രചാൾ ഭൂമി കുംഭകോണ കേസിൽ ഇ.ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോഴായിരുന്നു അത്. ''ഷിൻഡെ സർക്കാർ അധികാരത്തിലേറിയതോടെ ശിവസേന നേതാക്കളുടെ സുരക്ഷ എടുത്തു കളഞ്ഞു. ഞാനൊരിക്കലും അതിൽ പരാതിപ്പെട്ടിട്ടില്ല.
എന്നാൽ ഞങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ മകൻ ഗുണ്ടകളുമായി ചേർന്ന് ഗൂഢാലോചനനടത്തുന്നത് പതിവായപ്പോൾ ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. എന്നാൽ അവരത് തള്ളുകയായിരുന്നു''-സഞ്ജയ് റാവുത്ത് വ്യക്തമാക്കി. വധ ഭീഷണിയെ കുറിച്ച് ഞാൻ പൊലീസിനെ അറിയിച്ചു. എനിക്കാരെയും ഭയമില്ല. ജയിലിൽ കിടന്നപ്പോൾ ഇതുപോലുള്ള ഭീഷണികൾ ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.