മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തെ കള്ളൻമാരുടെ സംഘമെന്ന് വിളിച്ച ശിവസേന എം.പി സഞ്ജയ് റാവുത്തിനെതിരെ നിയമസഭയിൽ പ്രതിഷേധം. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നിയമസഭ കള്ളൻമാരുടെ സഭയാണെന്ന് റാവുത്ത് പറഞ്ഞത്. എം.പിയുടെ പ്രസ്താവന സഭയിൽ വൻ കോലാഹലത്തിന് കാരണമായി.
"നിയമസഭയിൽ ഒരു വ്യാജ ശിവസേനയുണ്ട്. അത് കള്ളന്മാരുടെ സംഘമാണ്"- റാവുത്ത് പറഞ്ഞു. എം.പിയുടെ പരാമർശത്തോട് പ്രതികരിച്ച മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ വിഷയം അന്വേഷിക്കുമെന്ന് മറുപടി നൽകി. ബഹളമുണ്ടായതിനെത്തുടർന്ന് സ്പീക്കർ സഭ പിരിച്ച് വിടുകയും ചെയ്തു.
ബി.ജെ.പി എം.എൽ.എ അതുൽ ഭട്കൽക്കർ സഞ്ജയ് റാവുത്തിന്‍റെ പ്രസ്താവനക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും സഭയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ മാർച്ച് എട്ടിന് തീരുമാനമെടുക്കുമെന്ന് സ്പീക്കർ മറുപടി നൽകി. സംഭവം വളരെ ഗൗരവമുള്ളതാണെന്നും പ്രസ്താവന നിയമസഭക്കും അതിലെ അംഗങ്ങൾക്കും സംസ്ഥാനത്തെ ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിപക്ഷ നേതാവ് അജിത് പവാറും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മറുപടിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.