ന്യുഡൽഹി: സുപ്രധാനമായ പല കേസുകളിലും വിധി നിർണയിച്ച ന്യായാധിപനാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കുന്ന സഞ്ജീവ് ഖന്ന. ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് ലോക്സഭ തെരഞ്ഞടുപ്പിൽ പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു. ജമ്മു-കശ്മീർ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ നടപടി ശരിവെച്ച ഭരണഘടന ബെഞ്ചിൽ അംഗമായിരുന്നു. ഇലക്ടറല്‍ ബോണ്ട് കേസ് പരിഗണിച്ച ബെഞ്ചിലും 100 ശതമാനം വി.വി.പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ ബെഞ്ചിലും അംഗമായിരുന്നു.
1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഡൽഹി ഹൈകോടതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഹാജരായി. 2004ൽ ഡൽഹിയുടെ സ്റ്റാൻഡിങ് കോൺസലായി (സിവിൽ) നിയമിതനായി. 2005ൽ ഡൽഹി ഹൈകോടതി അഡീഷനൽ ജഡ്ജിയായി. 2006ൽ സ്ഥിരം ജഡ്ജിയാവുകയും ചെയ്തു. 2023ൽ ആറുമാസത്തോളം സുപ്രീംകോടതി ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനും ഭോപാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമി ഗവേണിങ് കൗൺസിൽ അംഗവുമാണ്. ഡൽഹി ഹൈകോടതി മുൻ ജഡ്ജി രാജ് ഖന്നയാണ് പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.