ബംഗളൂരു: തമിഴ്നാട്ടിൽ അവിഹിത സ്വത്ത് സമ്പാദന കേസിൽ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് ശശികലക്കൊപ്പം ജയിൽ ശിക്ഷ വിധിച്ച അടുത്ത ബന്ധു വി.എൻ. സുധാകരൻ ജയിൽ മോചിതനായി. നാലുവർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശനിയാഴ്ച ജയിൽ മോചിതനായത്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരൻ. ഉടൻതന്നെ ബംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് വിവരം.
അവിഹിത സ്വത്ത് സമ്പാദനകേസിൽ ഏറ്റവും ഒടുവിൽ ജയിൽ മോചിതനാകുന്ന വ്യക്തിയാണ് സുധാകരൻ. ശശികലക്ക് പുറമെ ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം പിഴ അടക്കുകയും ചെയ്തിരുന്നു.
2021 ജനുവരി 27നായിരുന്നു ശശികല ജയിൽ മോചിതയായത്. ഇളവരശി ഫെബ്രുവരി അഞ്ചിനും. ഇരുവരും പിഴ അടക്കുകയും ചെയ്തിരുന്നു. പിഴ അടക്കാൻ കഴിയാതെ വന്നതോടെ സുധാകരൻ ജയിലിൽ തന്നെ കഴിയുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണെമന്നും ശിക്ഷ വിധിയിലുണ്ടായിരുന്നു.
ശനിയാഴ്ച മറിന കടൽക്കരയിലെ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയിൽ ശശികല കണ്ണീരോടെ ആദരാജ്ഞലികളർപിച്ചിരുന്നു. അവിഹിത സ്വത്ത് സമ്പാദന കേസിൽ ബംഗളുരു ജയിലിൽനിന്ന് മോചിതയായതിനുശേഷം ഇതാദ്യമായാണ് ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ ശശികല മറിന ബീച്ചിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറിൽ ത്യാഗരായനഗറിലെ വസതിയിൽനിന്നാണ് ശശികല പുറപ്പെട്ടത്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണകക്കിന് പ്രവർത്തകരും അനുഗമിച്ചു. മറിന കടൽക്കരയിൽ നുറുക്കണക്കിന് പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ജയലളിത സമാധിയിലെത്തിയ ശശികല കണ്ണീരോടെയാണ് പുഷ്പാർച്ചന നടത്തി ആദരാജ്ഞലികളർപിച്ചത്. ഇടക്കിടെ തൂവാല ഉപയോഗിച്ച് കണ്ണീർ തുടക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റോളം തൊഴുകൈകളോടെ പ്രാർഥിച്ചു. ഇൗ സമയത്ത് പ്രവർത്തകർ 'ചിന്നമ്മ വാഴ്ക', അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ചിന്നമ്മ വാഴ്ക, ത്യാഗ ശെൽവി ചിന്നമ്മ വാഴ്ക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. അണ്ണാദുരൈ, എം.ജി.ആർ എന്നിവരുടെ സമാധികളും ശശികല സന്ദർശിച്ചു.
നാല് വർഷം മുൻപ് ജയലളിത സമാധിയിൽ ശപഥം ചെയ്തതിനുശേഷമാണ് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ജയിൽവാസത്തിനുശേഷം ഫെബ്രു.ഒൻപതിനാണ് ശശികല ചെന്നൈയിൽ തിരിച്ചെത്തിയത്. ശശികലയുടെ സന്ദർശനം ഒഴിവാക്കാൻ അന്നത്തെ അണ്ണാ ഡി.എം.കെ സർക്കാർ അറ്റകുറ്റപണികളുടെ പേരിൽ ജയലളിത സമാധി അടച്ചിട്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.