സത്യപാൽ മലിക്കിന് പിന്തുണ അറിയിച്ച കർഷകരുടെ യോഗം തടഞ്ഞ് പൊലീസ്

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന് പിന്തുണയറിയിച്ചെത്തിയ കർഷകരുടെ യോഗം തടഞ്ഞ് പൊലീസ്. യോഗത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് കർഷകനേതാക്കളെയും സത്യപാൽ മലിക്കിനെയും കസ്റ്റഡിയിലെടുത്തതായി കർഷകർ അറിയിച്ചു. ദില്ലി പൊലീസിന്റേത് പ്രതികാര നടപടിയാ​ണെന്നും ഫലത്തിൽ അറസ്റ്റ് തന്നെയാണ് നടന്നതെന്നും സത്യപാൽ മലിക് പ്രതികരിച്ചു.

അതേസമയം മലിക്കിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ആർ.കെ പുരം ​പൊലീസ് വ്യക്തമാക്കി. ‘സത്യപാൽ മലിക്കിനെ ഞങ്ങൾ തടഞ്ഞിട്ടില്ല. അദ്ദേഹം തന്റെ അനുയായികൾക്കൊപ്പം ആർ.കെ പുരം പൊലീസ് സ്റ്റേഷനിൽ സ്വന്തം ഇഷ്ടപ്രകാരം എത്തുകയായിരുന്നു. അദ്ദേഹത്തിന് സ്വന്തം ഇഷ്ട​പ്രകാരം പോകാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രസ്താവനയിലൂടെ അറിയിച്ചു.

വൈകിട്ട് സത്യപാൽ മലിക്കിന്റെ വീടിന് സമീപമുള്ള ആർ.കെ പുരം സെക്ടർ 12 സെൻട്രൽ പാർക്കിൽ യോഗം നടത്താനായിരുന്നു കർഷ​കനേതാക്കളുടെ തീരുമാനം. പല സംസ്ഥാനങ്ങളിൽനിന്നുള്ള ഖാപ് പ്രതിനിധികൾ പരിപാടിക്കായി എത്തിയിരുന്നു. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുമായി കർഷകരും നേതാക്കളുമെത്തിയിരുന്നു. എന്നാൽ അനു​മതിയില്ലാതെ റസിഡൻഷ്യൽ ഏരിയയിൽ യോഗം നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

നേരത്തേതന്നെ സത്യപാൽ മാലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ രംഗത്തെത്തിയിരുന്നു. നിലവിൽ അധികാരങ്ങൾ ഇല്ലാത്തതിനാൽ മാലിക്കിന് തങ്ങളുടെ പിന്തുണ ആവശ്യമാണെന്നാണ് കർഷകരുടെ പ്രതികരണം. മലിക്കിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചു.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സത്യം വിളിച്ചുപറയാൻ മുന്നോട്ടുവന്ന സത്യപാൽ മലിക്കിന് കർഷകർ പിന്തുണ നൽകുന്നതായി നേരത്തേ അറിയിച്ചിരുന്നു. 2021 ഏപ്രിലിൽ മൂന്ന് കർഷകനിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിൽ നടന്ന കർഷക പ്രക്ഷോഭ സമയത്ത് മേഘാലയ ഗവർണറായിരുന്നു സത്യപാൽ മാലിക്. അദ്ദേഹം കർഷകരുടെ ആവശ്യ​ങ്ങൾ അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2019ലെ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമർശങ്ങൾ

രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിന് വീഴ്ചപറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്നുമായിരുന്നു സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ.

അതേസമയം സത്യപാൽ മാലിക്കിന് സി.ബി.ഐ സമൻസ് അയച്ചിട്ടുണ്ട്. റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതിക്കേസിൽ സാക്ഷിയെന്ന നിലയിലാണ് ഏപ്രിൽ 28ന് സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - Satya Pal Malik at Delhi Police Station, Cops Say Not Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.