ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ ഭരണാധികാരങ്ങൾ പാർലമെന്റിന് ഇല്ലാതാക്കാനാകുമോ എന്നകാര്യം അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഡൽഹി സർക്കാറിനുള്ള അധികാരം ശരിവെച്ച സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരായ ഹരജി സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഭരണഘടന ബെഞ്ചിനു കൈമാറിയത്.
ഡൽഹി സർക്കാർ നൽകിയ ഹരജിയിൽ കേസ് ഭരണഘടന ബെഞ്ചിനു നൽകിക്കൊണ്ടുള്ള വിശദമായ ഉത്തരവ് സുപ്രീംകോടതി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തു. ഭരണഘടന അനുഛേദം 44 (7) പ്രകാരം പാർലമെന്റിന് നിയമം നിർമിക്കാനുള്ള അധികാരത്തിന്റെ വിവിധ വശങ്ങൾ, ദേശീയ തലസ്ഥാന കാര്യങ്ങൾക്കുള്ള ഭരണഘടന അധികാരങ്ങൾ ഇല്ലാതാക്കാൻ പാർലമെന്റിന് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 10 പേജുള്ള ഉത്തരവ് തയാറാക്കിയത് ചീഫ് ജസ്റ്റിസ് ആണ്. കഴിഞ്ഞ ദിവസം ഡൽഹി സർക്കാറിനുവേണ്ടി അഭിഷേക് സിങ്വിയാണ് ഹാജരായത്. ഗ്രൂപ് എ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഡൽഹി സർക്കാറിന് അധികാരം നൽകിയ സുപ്രീംകോടതി വിധി മറികടക്കാൻ കഴിഞ്ഞ മേയിലാണ് ഗവൺമെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ഓർഡിനൻസ് പുറപ്പെടുവിച്ചത്.
ന്യൂഡൽഹി: ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ നിയന്ത്രണത്തിനായി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സിവിൽ സർവിസ് അതോറിറ്റി ഓർഡിനൻസ് ബിൽ പാർലമെന്റിൽ എത്തുമ്പോൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ബി.എസ്.പി തീരുമാനം. ഇരുസഭകളിലും ബില്ല് സംബന്ധിച്ച് ചർച്ചയുടെയോ വോട്ടെടുപ്പിന്റെയോ ഭാഗമാവേണ്ടതില്ലെന്നാണ് ബി.എസ്.പി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.