ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് (ആപ്) ദേശീയ ആസ്ഥാനം ഒഴിയാനുള്ള കാലാവധി ആഗസ്റ്റ് 10 വരെ നീട്ടി നൽകി സുപ്രീംകോടതി. ആഗസ്റ്റ് വരെ സമയം അനുവദിക്കണമെന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ച് സമയം നീട്ടി നൽകിയത്. ഇനി ഒരിക്കൽ കൂടി സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി ഹൈകോടതിയുടെ വിപുലീകരണത്തിന് അനുവദിച്ച സ്ഥലത്താണ് ഓഫിസെന്ന് ചൂണ്ടിക്കാട്ടി ജൂൺ 15നകം പുതുതായി അനുവദിച്ച സ്ഥലത്തേക്ക് മാറണമെന്നായിരുന്നു 2024 മാർച്ച് നാലിലെ സുപ്രീംകോടതി ഉത്തരവ്.
ദേശീയ പാർട്ടിയായ ആപ്പിന് രാജ്യ തലസ്ഥാനത്ത് ഓഫിസിന് അർഹതയുണ്ടെന്നും ആറാഴ്ചക്കുള്ളിൽ തീരുമാനമെടുത്ത് കെട്ടിടം അനുവദിക്കണമെന്നും ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഡൽഹി മന്ത്രിയുടെ വസതി താൽക്കാലികമായി നൽകണമെന്ന ആപ് അപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി നിർദേശിച്ചു. ആഗസ്റ്റ് 10നുമുമ്പ് ഇക്കാര്യം പരിഗണിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന ആപ് ആവശ്യത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അവധിക്കാല ബെഞ്ചും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.