ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടർ (ഇ.ഡി) സഞ്ജയ് കുമാർ ശർമക്ക് മൂന്നാമതും കാലാവധി നീട്ടി നൽകിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാർ, കേന്ദ്ര വിജിലൻസ് കമീഷൻ, ഇ.ഡി. ഡയറക്ടർ എന്നിവർക്ക് നോട്ടീസയച്ചു. കോൺഗ്രസ് നേതാവ് ജയ ഠാകുറിന്റെ ഹരജിയിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. ആറ് ആഴ്ചക്കകം മറുപടി നൽകണം.
രാഷ്ട്രീയ എതിരാളികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഏജൻസികളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെ കേന്ദ്ര സർക്കാർ നശിപ്പിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. സഞ്ജയ് കുമാർ ശർമക്ക് തുടർച്ചയായി കാലാവധി നീട്ടി നൽകി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ഇല്ലായ്മ ചെയ്യുകയാണ്. നേരത്തേ ഇ.ഡി. ഡയറക്ടർക്ക് കാലാവധി നീട്ടി നൽകരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, 2021 നവംബർ 17 മുതൽ 2022 നവംബർവരെ നീട്ടി നൽകി. കോടതിയിൽ ഈ വിഷയത്തിലുള്ള റിട്ട് പെറ്റീഷൻ ഉള്ള സമയത്ത് തന്നെ 2022 നവംബർ 18 മുതൽ വീണ്ടും ഒരു വർഷത്തേക്ക് നീട്ടിനൽകിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ നിയമവാഴ്ചക്ക് ഒരു ബഹുമാനവും നൽകുന്നില്ലെന്നാണ് വ്യക്തമാകുന്നത്' -ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ചു വർഷം വരെ നീട്ടാവുന്ന നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹരജിയിൽനിന്ന് നവംബർ 18ന് ജസ്റ്റിസ് എസ്.കെ. കൗൾ പിന്മാറിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഒരു വർഷം കൂടി അനുമതി നീട്ടിനൽകിയത്.
2018 നവംബർ 19നാണ് സഞ്ജയ് കുമാർ മിശ്രയെ ആദ്യമായി ഇ.ഡി. ഡയറക്ടറായി നിയമിച്ചത്. 2020 നവംബറിൽ നിയമന കാലാവധി രണ്ടു വർഷമെന്നത് മൂന്നു വർഷമാക്കി ഭേദഗതി ചെയ്ത് ഒരു വർഷം നീട്ടിനൽകി. ഇതിനിടെയാണ് ഇ.ഡി, സി.ബി.ഐ മേധാവികൾക്ക് കാലാവധി അഞ്ചു വർഷം വരെ നീട്ടിനൽകാമെന്ന് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്യുന്ന ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് വീണ്ടും നീട്ടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.