ന്യൂഡൽഹി: വിദ്വേഷ പ്രസംഗം തടയുകയാണ് വേണ്ടതെന്നും നടന്നുകഴിഞ്ഞ് അന്വേഷണം നടത്തുകയല്ല ചെയ്യേണ്ടതെന്നും സുപ്രീംകോടതി ഹിമാചൽ പ്രദേശ് സർക്കാറിനെ ഓർമിപ്പിച്ചു. ഇന്ന് റൂർക്കിയിൽ നടക്കാനിരിക്കുന്ന 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് വിളിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രസംഗം തടയുന്നതിനും സംഭവിച്ചാൽ നേരിടുന്നതിനും സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ഓർമിപ്പിച്ച ബെഞ്ച് എന്നിട്ടും അവ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ധരംസൻസദിൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ കൈകൊണ്ട നടപടി കോടതിയെ അറിയിക്കണം. പ്രസംഗം നടന്ന ശേഷം എടുത്ത നടപടികളും സത്യവാങ് മൂലം വഴി സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ മുൻകൂട്ടി പ്രഖ്യാപിച്ച് നടത്തുന്നതാണ്. ലോക്കൽ പൊലീസ് അടിയന്തര നടപടി എടുക്കേണ്ടതുണ്ട്. അടിയന്തര നടപടി എടുത്തോ ഇല്ലേ എന്ന് പറയാനാകുമോ എന്ന് ഹിമാചൽ സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗം നടത്തിയവരെ ഇത് വരെയും അറസ്റ്റ് ചെയ്തിടില്ലെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം അവർ സത്യവാങ്മുലത്തിൽ വ്യക്തമാക്കട്ടെ എന്ന് സുപ്രീംകോടതി നിർദേശിച്ചു. ഹരജിയിൽ ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗംങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടി വരും.
കഴിഞ്ഞയാഴ്ച ഹിമാചൽ പ്രദേശിലെ ധരം സൻസദിന്‍റെ കാര്യം ഉന്നയിച്ച കപിൽ സിബലിനോട് ആദ്യം സമർപ്പിച്ച ഹരജി ഉത്തരഖണ്ഡിലെയും ഡൽഹിയിലെയും വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെയായിരുന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. അവരെല്ലാ സ്ഥലങ്ങളിലും ധരംസൻസദ് നടത്തികൊണ്ടിരിക്കുകയാണെന്നും ഹിമാചലിലെ ഉനയിലും വിദ്വേഷ പ്രസംഗം തുടർന്നത് ഞെട്ടിക്കുന്നതാണെന്നും സിബൽ പറഞ്ഞു. പരസ്യമായി വായിക്കാൻ എനിക്ക് കഴിയില്ല. ധരംസൻസദ് തടയണമെന്ന് ആവശ്യപ്പെട്ടാണ് തങ്ങൾ സുപ്രീംകോടതിയിൽ വന്നത്. ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് സുപ്രണ്ടിനോടും പറയാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. അവരോട് അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സിബൽ ബോധിപ്പിച്ചു.
ഇത് കേട്ട ജസ്റ്റിസ് ഖൻവിൽകർ വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹിമാചൽ സർക്കാറിനോട് ആവശ്യപ്പെട്ടു. അത് പിന്തുടരുന്നുണ്ടോ ഇല്ലേ എന്ന് ഉത്തരം പറയണം എന്നും ജഡ്ജി ആവശ്യപ്പെട്ടപ്പോൾ തടയാനുള്ള നടപടി എടുത്തിരുന്നുവെന്നും നടന്നപ്പോൾ അന്വേഷണം ആരംഭിച്ചെന്നും അഭിഭാഷകൻ പ്രതികരിച്ചു. വിദ്വേഷ പ്രസംഗങ്ങൾ തടയുകയാണ് വേണ്ടതെന്നും നടന്നുകഴിഞ്ഞ് അന്വേഷണം നടത്തുകയല്ല ചെയ്യേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.
ഇന്ന് റൂർക്കിയിൽ നടക്കാനിരിക്കുന്ന 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നടപടി എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരഖണ്ഡ് സർക്കാറിനോട് ആവശ്യപ്പെട്ടു. അടിയന്തര നടപടി എടുക്കണമെന്നും സുപ്രീംകോടതി വല്ലതും പറയാൻ ഇടവരുത്തരുതെന്നും സംസ്ഥാന സർക്കാറിന്‍റെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. തടയാൻ പല വഴികളുമുണ്ട്. എങ്ങിനെ അത് ചെയ്യാമെന്ന് ഉത്തരഖണ്ഡ് സർക്കാറിന് അറിയാമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. എന്നിട്ടും വിദ്വേഷ പ്രസംഗം നടന്നാൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മറ്റു ഉദ്യോഗസ്രും ഉത്തരവാദികളായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മുമ്പ് നടന്ന വിദ്വേഷ പ്രസംഗങ്ങൾക്ക് സമുദായം നോക്കാതെ കേസെടുത്തിട്ടുണ്ടെന്ന് ഉത്തരഖണ്ഡ് അഭിഭാഷകൻ അറിയിച്ചപ്പോൾ തടയാനാണ് ആവശ്യപ്പെട്ടതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. ആരാണ് നിങ്ങൾക്ക് നിർദേശം നൽകുന്നത് അവരോട് ഇത് തടയാനുള്ള നപടികൾ കൈകൊള്ളാൻ പറയണം. ചീഫ് സെക്രട്ടറിയെയും ഐ.ജിയെയും ഇക്കാര്യം അറിയിക്കാൻ നടപടി എടുക്കണമെന്നും അഭിഭാഷകനോട് സുപ്രീംകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.