ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ ഒാരോ ചലനവും നിരീക്ഷിക്കാനും സന്ദേശങ്ങൾ ചോർത്താനും കേന്ദ്രസർക്കാർ സമൂഹ മാധ്യമ ഹബ് ആരംഭിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
ഇൗ നീക്കത്തിലൂടെ ഒരു നിരീക്ഷണ രാഷ്ട്രമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഒാരോ വാട്സ്ആപ് മെസേജും ട്വീറ്റും ചോർത്താനും നിരീക്ഷിക്കാനും സംവിധാനിച്ചാൽപിന്നെ നാം നീങ്ങുന്നത് ഒരു നിരീക്ഷണ രാഷ്ട്രത്തിലേക്കായിരിക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഒാർമപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലെ ഒാരോ ചലനവും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ സമർപ്പിച്ച ഹരജി സ്വീകരിച്ച മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. വിഷയത്തിൽ സുപ്രീംകോടതി അറ്റോണി ജനറലിെൻറ സഹായവും തേടി.കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നിർദേശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ മൗവ മൊയിത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്ര വാർത്ത വിതരണ പ്രേക്ഷപണ മന്ത്രാലയത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന മുഴുവൻ ആശയവിനിമയങ്ങളും നിരീക്ഷിക്കാനായി ഒരു ഹബ് തുടങ്ങാൻ പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.െഎ.എൽ) അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് ഹരജിക്കാരി ബോധിപ്പിച്ചു. വാട്സ്ആപ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി ജനങ്ങളെ കൂട്ടത്തോടെ നിരീക്ഷിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നീക്കമെന്നും സർക്കാറിനെതിരെ ഉയരുന്ന വിമർശന സ്വരങ്ങളെ ലക്ഷ്യമിട്ടാണ് ഇൗ നിർദേശമെന്നും ഹരജിക്കാരിയായ മൗവ കുറ്റപ്പെടുത്തി.
ഇതിനായി ഒാഗസ്റ്റ് 20ന് ടെൻഡർ നടപടികൾ ആരംഭിക്കാനിരിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് മൗവക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. സമൂഹ മാധ്യമ ഹബ് വഴി സമൂഹ മാധ്യമങ്ങളിൽ വരുന്ന മുഴുവൻ ഉള്ളടക്കവും നിരീക്ഷിക്കാനാണ് സർക്കാർ പദ്ധതി.
അടിയന്തരമായി ഇൗ നടപടി സ്റ്റേ ചെയ്യണമെന്നും സിങ്വി ആവശ്യപ്പെട്ടു. ആഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. ഇൗ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ജൂൺ 18ന് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.