തിരുപ്പതി ലഡ്ഡു വിവാദം: അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വൈ.എസ്.ആർ.സി.പിയുടെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്നാണ് ആരോപണമുയർന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. ആരോപണം വൈ.എസ്.ആർ.സി.പി തള്ളിയതിനു പിന്നാലെ, ഗുജറാത്തിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ ലഡ്ഡുവിൽ പശുവിന്റെയും പന്നിയുടെയും ​കൊഴുപ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ട് പുറത്ത്‍വന്നു.

പിന്നീട് തിരുപ്പതി ലഡ്ഡു വിവാദത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയിൽ ഹരജി നൽകി. വൈ.എസ്.ആർ. കോൺ​ഗ്രസിന്റെ രാജ്യസഭ എം.പി സുബ്ബ റെഡ്ഡിയും ഹരജി സമർപ്പിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ ചെയർമാൻ ആയിരുന്നു ഇദ്ദേഹം.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണമോ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സത്യം സിങും ഹരജി നൽകിയിട്ടുണ്ട്.

മതപരമായ ആചാരങ്ങളിൽ കടുത്ത ലംഘനം നടന്നതായുള്ള റിപ്പോർട്ട് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സസ്യേതര ഭക്ഷ്യസാധനങ്ങൾക്ക് പകരം, മാസാഹാരം ഉപയോഗിക്കുന്നത് ഒരിക്കലും സാധൂകരിക്കാനാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പാവനമായി കരുതുന്ന പ്രസാദമുണ്ടാക്കിയത് പശുവിന്റെയുംപന്നിയുടെയും കൊഴുപ്പുപയോഗിച്ചാണെന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. ഭരണഘടനയുടെ 25ാം വകുപ്പിന്റെ ലംഘനമാണിതെന്നും ഹരജിക്കാരൻ ആരോപിച്ചു. വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാർ അന്വേഷണം നടത്തുന്നുണ്ട്.

Tags:    
News Summary - SC to hear pleas for probe into contaminants in Tirupati laddus on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.