ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിെൻറ വിവാദവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നൽകിയ ഹരജി ഇന്ന് പരിഗണിക്കും. ഉച്ചക്ക് രണ്ടുമണിക്കാവും ഹരജി പരിഗണിക്കുക. നേരത്തെ, കേന്ദ്രം നൽകിയ റിവ്യൂ ഹരജി തിരക്കിട്ടു കേൾക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിെൻറ നിരീക്ഷണം. ഇതേതുടർന്ന് ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു.
എന്നാൽ, വിഷയം ക്രമസമാധാന പ്രശ്നമായിരിക്കുകയാണെന്നും ഒമ്പതു പേരുടെ മരണത്തിനും അക്രമ സംഭവങ്ങൾക്കും ഇത് ഇടയാക്കിയിട്ടുണ്ടെന്നും അതിനാൽ അടിയന്തര പ്രാധാന്യത്തോടെ കേസ് കേൾക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ ആവശ്യെപ്പട്ടു. കേസ് വിശാല ബെഞ്ചിന് വിടണമോ എന്ന കാര്യം അറ്റോർണി ജനറൽ കോടതിയെ അറിയിക്കണം. തുറന്ന കോടതിയിൽ തന്നെ കേസ് കേൾക്കാമെന്നും ജസ്റ്റിസ് എ.കെ ഗോയൽ പറഞ്ഞു.
കേസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 150ഒാളം പട്ടികജാതി-വർഗ സംഘടനകളുടെ അഖിലേന്ത്യ കോൺഫെഡറേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ദലിത് നിയമം ദുർബലപ്പെടുത്തിയ മാർച്ച് 20ലെ സുപ്രീംകോടതി വിധി, രാജ്യത്ത് ദലിത് പീഢനങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
നിയമത്തിലെ വ്യവസ്ഥാപിത തത്വങ്ങളും ചില സാഹചര്യങ്ങളും സുപ്രീംകോടതി വിധി കണക്കിലെടുക്കാതെ പോയിയെന്ന് സർക്കാറിെൻറ റിവ്യുഹരജിയിൽ പറയുന്നു. കർക്കശ വ്യവസ്ഥകൾ ഉണ്ടായിട്ടുപോലും പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അക്രമങ്ങൾ തുടരുന്നത് ഉത്കണ്ഠജനകമാണ്. ദലിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് വിട്ടയക്കുന്നവരുടെ തോത്. ദലിത് അതിക്രമ നിയമം ദുർബലപ്പെടുത്തുേമ്പാൾ, അതിനോടുള്ള പേടി കുറയും. നിയമലംഘനങ്ങൾ കൂടും. ദലിതുകൾ കൂടുതൽ പീഡിപ്പിക്കപ്പെടുമെന്നും റിവ്യൂ ഹരജിയിൽ വ്യക്തമാക്കുന്നു.
ദുരുപയോഗം ചെയ്യാനുള്ള സാധ്യതയല്ല ഒരു നിയമവ്യവസ്ഥ ഇല്ലാതാക്കുന്നതിന് അടിസ്ഥാനമാകേണ്ടത്. പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിക്കപ്പെടുന്നു എന്നതുതന്നെയാണ് നിയമത്തിെൻറ നെട്ടല്ല്. അത് ദുർബലപ്പെടുത്തിയാൽ അതിക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും ഹരജയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.