ന്യൂഡൽഹി: പരിവർത്തിത ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി കഴിയാറായിരിക്കേ, ഇക്കാര്യം പഠിക്കാൻ മൂന്നംഗ കമീഷനെ നിയോഗിച്ച് കേന്ദ്രസർക്കാർ. സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമീഷനോട് രണ്ടുവർഷം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മതം മാറിയ പിന്നാക്ക വിഭാഗക്കാരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി തുല്യസംവരണാനുകൂല്യം നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികൾ 18 വർഷത്തിലേറെയായി തീർപ്പാക്കാതെ സുപ്രീംകോടതി മുമ്പാകെയുണ്ട്. കേന്ദ്രം ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. ഹൈന്ദവ, സിഖ്, ബുദ്ധമത വിശ്വാസികളല്ലാത്തവരെ പട്ടികജാതിക്കാരായി കണക്കാക്കില്ലെന്നാണ് ഭരണഘടനാ വ്യവസ്ഥ. എന്നാൽ, ക്രൈസ്തവ-ഇസ്ലാം മതങ്ങൾ സ്വീകരിച്ചതിന്റെ പേരിൽ പട്ടികജാതി സംവരണാനുകൂല്യങ്ങൾ നിഷേധിക്കുന്നതാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഈമാസം 11ന് മുമ്പ് വിഷയത്തിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയത് ആഗസ്റ്റിലാണ്. ക്രൈസ്തവ, ഇസ്ലാം മതങ്ങൾ സ്വീകരിച്ച പട്ടികജാതിക്കാർക്ക് സംവരണം നൽകുന്നതിന് ബി.ജെ.പി എതിരാണ്. കമീഷനെ നിയോഗിച്ചതായി അറിയിച്ച് റിപ്പോർട്ട് വരുന്നതുവരെ കോടതി നടപടികൾ വൈകിപ്പിക്കുകയാണ് സർക്കാർ തന്ത്രം. കോടതിയുടെ തീർപ്പ് നീണ്ടു പോകുന്നതിനൊപ്പം, രണ്ടുവർഷത്തെ പഠന സമയമെടുക്കുന്ന കമീഷൻ 2024ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമാണ് ഫലത്തിൽ റിപ്പോർട്ട് സമർപ്പിക്കുക. സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയമാണ് കമീഷൻ രൂപവത്കരിച്ച് വിജ്ഞാപനം ഇറക്കിയത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രവീന്ദ്രകുമാർ ജെയിൻ, യു.ജി.സി പ്രഫസർ സുഷമ യാദവ് എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങൾ.
ഡൽഹി ആസ്ഥാനമായാണ് കമീഷൻ പ്രവർത്തിക്കുക. പട്ടികജാതി സംവരണത്തിന് പരിവർത്തിത ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളുടെയും മറ്റും അർഹത പരിശോധിക്കാനും കൂടുതൽ പേർക്ക് പട്ടികജാതി സംവരണം അനുവദിക്കുന്നതിന്റെ പ്രത്യാഘാതം പഠിക്കാനുമാണ് കമീഷനെ നിയോഗിക്കുന്നതെന്ന് വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കി. ചരിത്രപരമായി പട്ടികജാതിയിൽപെട്ടവരെന്ന് അവകാശപ്പെടുന്നവർക്ക് പുതുതായി പട്ടികജാതി പദവി നൽകുന്ന വിഷയം ഏറെ സങ്കീർണവും ഭരണഘടനാ പ്രശ്നങ്ങൾ ഉയർത്തുന്നതുമാണെന്നിരിക്കേ, വിശദപഠനം ആവശ്യപ്പെടുന്നുണ്ടെന്ന് വിജ്ഞാപനത്തിൽ വിശദീകരിച്ചു. മതം മാറ്റത്തിലൂടെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വന്ന മാറ്റം, മതം മാറിയവരുടെ സാമൂഹിക വിവേചന സ്ഥിതി തുടങ്ങിയവ കൂടി പഠന വിധേയമാക്കി വേണം തീരുമാനമെടുക്കാൻ. ഇക്കാര്യങ്ങളിലൊന്നും ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്ന് വിജ്ഞാപനം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.