ന്യൂഡൽഹി: രാജ്യമെങ്ങും സ്കൂൾ സിലബസും പാഠ്യപദ്ധതിയും ഒന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജി സുപ്രീംകോടതി നിരസിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചില വകുപ്പുകൾ എല്ലാവർക്കും ഒരുപോലെയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് തടസ്സമാണെന്ന് ആരോപിച്ച് അശ്വനി ഉപാധ്യായ എന്നയാൾ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചത്.
വിഷയത്തിൽ ഹൈകോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു, ബി.ആർ. ഗാവായ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസിന്റെ മെറിറ്റിനെ സംബന്ധിച്ച് ഈ സന്ദർഭത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ 1(4), 1(5) വകുപ്പുകൾ ഭരണഘടന വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ രീതിക്ക് തടസ്സമാണെന്നും മാതൃഭാഷയിലുള്ള ഏകീകൃത പാഠ്യപദ്ധതിയില്ലാത്തത് അറിവില്ലായ്മ വ്യാപകമാക്കുമെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.