ഓപ്പറേഷന്‍ ഗംഗ തു​ടരുന്നു; യു​ക്രെയ്നിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ 'ഓപ്പറേഷന്‍ ഗംഗ'യുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം രാജ്യതലസ്ഥാനത്തെത്തി. 29 മലയാളികൾ ഉൾപ്പെടെ 250 യാത്രക്കാരടങ്ങുന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ രാജ്യത്ത് മടങ്ങിയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്ന് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരെ സ്വീകരിച്ചു.

മലയാളി വിദ്യാർഥികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് അയക്കുന്നത്. 16 പേർ വിമാനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. വൈകീട്ടാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഒരാൾ ഡൽഹിയിലാണ് താമസം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് മലയാളി വിദ്യാൾഥികളെ എത്തിക്കുക. ഇവർക്ക് സൗജന്യ യാത്രക്കുള്ള സൗകര്യം സംസ്ഥാന സർക്കാർ ഏര്‍പ്പടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ വെച്ച് സ്വീകരിക്കാൻ കലക്ടർമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ ഹംഗറിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതൽ വിമാനങ്ങൾ രക്ഷാ ദൗത്യത്തിനായി റുമേനിയയിലേക്കയക്കും ഓപ്പറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കുകയാണ് കേന്ദ്രം. റുമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്.

മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രെയ്ന്‍റെ അയൽ രാജ്യങ്ങളിലേക്ക് തിരിക്കും. യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശനിയാ​ഴ​്ചയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ​ഗം​ഗക്ക് തുടക്കമിട്ടത്. യുക്രെയ്നിൽ നിന്ന് റുമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള സംഘത്തെയാണ് ആദ്യം ഇന്ത്യയിലെത്തിച്ചത്.

യുദ്ധഭൂമിയായ യുക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ശനിയാഴ്ച മുംബൈയിലെത്തി. ശനിയാഴ്ച വൈകീട്ടോടെയാണ് 219 യാത്രക്കാരുമായി വിമാനം മുംബൈയിലെത്തിയത്. ഇതിൽ 27 പേർ മലയാളികളായിരുന്നു.

റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം യുക്രെയ്നിൽ നിന്നുള്ള ആദ്യ വിമാനമാണിത്. ഒരു ഇന്ത്യക്കാരനെ പോലും യുക്രെയ്നിൽ കുടുങ്ങാൻ അനുവദിക്കില്ലെന്ന് ആദ്യ വിമാനത്തിലെ ഇന്ത്യൻ സംഘത്തെ അഭിസംബോധന ചെയ്ത് റുമേനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ പറഞ്ഞു.

നിലവിൽ യുക്രെയ്നിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നവർ അവരെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്ന് അറിയിക്കണമെന്നും അംബാസഡർ നിർദേശിച്ചു. 'ഇനി ജീവിതത്തിൽ എന്ത് പ്രതിസന്ധി വരു​മ്പോഴും ഫെബ്രുവരി 26 എന്ന ഈ ദിവസം ഓർമിക്കുക. ഓർക്കുക, എല്ലാം ശരിയാകും' -അംബാസഡർ പറഞ്ഞു.

യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് താൻ നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്ന്, ആദ്യ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ 24 മണിക്കൂറും കർമ്മനിരതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - second Evacuation Flight part of operation ganga With 250 Indians From Ukraine Lands In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.