പാർലമെന്റിലെ സുരക്ഷ വീഴ്ച: അക്രമികൾക്ക് പിന്നിലാരെന്ന് അവ്യക്തം

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽകൂടി പരിചയപ്പെട്ടാണ് പാർലമെന്റിൽ ഇത്തരമൊരു അതിക്രമത്തിന് പ്രതികൾ തുനിഞ്ഞതെന്ന് പറയുന്ന പൊലീസ് ഇവർക്കു പിന്നിലുള്ളത് ആരാണെന്നോ ലക്ഷ്യം എന്താണെന്നോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

42കാരിയായ നീലം സിവിൽ സർവിസിന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു പാർട്ടിയുമായും ബന്ധമില്ലെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. ലഖ്നോവിൽ ഇ-റിക്ഷ ഓടിക്കുകയായിരുന്ന സാഗർ ശർമ സുഹൃത്തുക്കളെ കാണാനാണെന്നു പറഞ്ഞ് ഡൽഹിയിലെത്തിയതാണെന്ന് അമ്മയും അറിയിച്ചു. സ്വാമി വിവേകാനന്ദന്റെ കൃതികളിൽ ആകൃഷ്ടനായ എൻജിനീയറിങ് ബിരുദധാരിയാണ് മകൻ എന്ന് പറയുന്ന മനോരഞ്ജന്റെ അച്ഛൻ അവൻ ഇടക്കിടെ ഡൽഹിയിൽ വന്നുപോകാറുണ്ടെന്നും പറയുന്നു.

പാസ് നൽകിയ ബി.ജെ.പി എം.പിയുടെ ഓഫിസിൽ പ്രതികൾ നിരന്തര സമ്പർക്കത്തിലായിരുന്നുവെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യത്യസ്ത തുറകളിലുള്ള ആറു പേർ സമൂഹമാധ്യമങ്ങളിലൂടെ ഒത്തുചേർന്ന് ഏകോപിച്ച് നടത്തിയ ആക്രമണമാണിതെന്ന് ഡൽഹി പൊലീസ് പറയുന്നു. പാർലമെന്റ് ആക്രമണ വാർഷികവേളയിൽ പാർലമെന്റിനുനേരെ ആക്രമണമുണ്ടാകുമെന്ന് ഖാലിസ്താൻ വാദികൾ വിദേശത്തുനിന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും ഇത്തരത്തിലൊരു ബന്ധത്തിന്റെ കാര്യത്തിലും വ്യക്തത വരുത്താൻ അന്വേഷണ ഏജൻസികൾ ഇതുവരെ തയാറായിട്ടില്ല.

ഗുരുഗ്രാമിലുള്ള ലളിത് ഝാ ആണ് ഇവർക്ക് താമസസൗകര്യം ഏർപ്പാടാക്കിയതെന്ന് പറയുന്ന ആറാമത്തെ ആളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സർക്കാറിനെതിരായ പ്രതിഷേധമായിരുന്നിട്ടും ഭാരത് മാതാ കീ ജയ്, ജയ് ഭീം, താന ശാഹി നഹീ ചലേഗി തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചും ദേശഭക്തരാണെന്ന് ഏറ്റുപറഞ്ഞും തങ്ങൾക്ക് പിന്നിലാരെന്ന കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് സംഘാംഗങ്ങൾ ചെയ്തത്. 

സുരക്ഷ ശക്തമാക്കി

പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറി ജനറൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.

സംഭവത്തെതുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്നും സുരക്ഷാവിഭാഗം തീരുമാനിച്ചു. എം.പിമാർ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. പരിശോധനക്ക് ബോഡി സ്കാനറും ഗാലറികളിൽനിന്ന് ചാടാതിരിക്കാൻ സന്ദർശക ഗാലറികളിൽ ചില്ലുമറയും സ്ഥാപിക്കും. അതിനിടെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അന്വേഷണം ഏറ്റെടുത്തു

Tags:    
News Summary - Security breach in Parliament: It is unclear who is behind the attackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.