ഹൈദരാബാദ്: മദ്യലഹരിയിലായിരുന്ന ബിരുദ വിദ്യാർഥി അമിത വേഗത്തിലോടിച്ച കാറിടിച്ച് 38കാരനായ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗാജുലരാമരത്തിന് സമീപം ദേവേന്ദർ നഗറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനായ ബാഷ ഗോപിയാണ് മരിച്ചത്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന ബാഷയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വൈദ്യുത തൂണും മതിലും കാറിടിച്ച് തകർന്നു. ഇടിയുടെ ആഘാതത്തിൽ ബാഷ ദൂരേക്ക് തെറിച്ചു പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ വൈദ്യൂത തൂണും മതിലും ഇടിയുടെ ആഘാതത്തിൽ തകർന്നു. കാറോടിച്ച മനീഷ് (20) എന്ന കോളജ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ മനീഷ്, ഖുത്ബുള്ളാപൂർ സ്വദേശിയാണ്. അപകടസമയത്ത് ഇയാൾക്കൊപ്പം അഞ്ച് സുഹൃത്തുക്കൾ കാറിലുണ്ടായിരുന്നു. രാത്രി നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിനു പിന്നാലെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന മനീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.