ബംഗളൂരു: രാജ്യദ്രോഹക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് കശ്മീരി വി ദ്യാർഥികളെയും സഹതടവുകാരിൽനിന്നുള്ള അതിക്രമം ഒഴിവാക്കാൻ ജയിൽ മാറ്റി. ഹുബ്ബള്ളി സബ്ജയിലിലായിരുന്ന വിദ്യാർഥികളെ ബെളഗാവി ഹിന്ദളഗ ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് മാറ്റിയത്.
പാക് അനുകൂല മുദ്രാവാക്യമടങ്ങുന്ന വിഡിയോ പോസ്റ്റ് ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹുബ്ബള്ളി കെ.എൽ.ഇ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ പുൽവാമ സ്വദേശി ആമിർ, താലിബ്, ബാസിത് എന്നിവരെ 153 എ, 124 എ വകുപ്പുകൾ ചുമത്തി ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചിരുന്നു. കഴിഞ്ഞദിവസം കോടതിവളപ്പിലും ആക്രമണശ്രമം നടന്നു. തുടർന്ന് ഹുബ്ബള്ളി ജയിലിലും വിദ്യാർഥികൾ ആക്രമണം നേരിേട്ടക്കാമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ബെളഗാവിയിലെ ജയിലിലേക്കു മാറ്റിയത്. മൂവരെയും മാർച്ച് രണ്ടു വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായ വിദ്യാർഥികളുടെ ബന്ധുക്കൾ കഴിഞ്ഞദിവസം ഹുബ്ബള്ളിയിലെത്തി സിറ്റി പൊലീസ് കമീഷണർ ആർ. ദിലീപിനെ കണ്ടു.
അതേസമയം, കെ.എൽ.ഇ എൻജിനീയറിങ് കോളജിലെ മറ്റു കശ്മീരി വിദ്യാർഥികളും തൽക്കാലം നാട്ടിലേക്കു മടങ്ങി. കോളജിലും ഹോസ്റ്റലിലും ഇവർക്കുനേരെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കശ്മീരി വിദ്യാർഥികളെ നാട്ടിലേക്കയച്ചതെന്ന് പ്രിൻസിപ്പൽ ബസവരാജ് അനാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.