ന്യൂഡൽഹി: സർക്കാർ ജോലിക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതി. ഉയർന്ന മാർക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പൊതു തൊഴിലിടങ്ങളിലേക്ക് പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം 43 പേരെ നിയമിക്കാൻ ഝാർഖണ്ഡ് സർക്കാറിന് അനുമതി നൽകിയ റാഞ്ചി ഹൈകോടതി വിധി അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിെൻറ സുപ്രധാന നിരീക്ഷണം.
2008ലാണ് ഝാർഖണ്ഡ് ആഭ്യന്തര വകുപ്പ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടർന്ന് അന്തിമഫലം പ്രസിദ്ധീകരിക്കുകയും 382 പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, നിയമന നടപടികളിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതോടെ പരിശോധിക്കാൻ സർക്കാർ ഉന്നത തല സമിതിയെ നിയമിച്ചു. ഇതിനിടെ പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ റാഞ്ചി ഹൈകോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.
ഹൈകോടതിയിൽ ഹരജി പരിഗണിക്കുന്നതിനിടെ, യഥാർഥ സെലക്ഷൻ ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ നടത്തിയ 42 ഉദ്യോഗാർഥികളുടെ നിയമനം സർക്കാർ റദ്ദാക്കി. പകരം ക്രമക്കേടുകൾ പരിഹരിച്ച് ഉന്നത തല സമിതി നൽകിയ ശിപാർശപ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇതിെൻറ അടിസ്ഥാനത്തിൽ 43 പേരെ നിയമിക്കുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത് ഒരു കൂട്ടം ഉദ്യോഗാർഥികൾ റാഞ്ചി ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും നിയമനം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.