ഭീകരവാദത്തെ സഹായിക്കുന്നവരും അപകടകാരികൾ -മോദി

ഗോവ: ഭീകരവാദത്തിന്‍റെ ആഗോള ഭീഷണി ബ്രിക്സ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ സഹായിക്കുന്നവര്‍ ഭീകരവാദികളെ പോലെ തന്നെ അപകടകാരികളാണെന്നാണ് ബ്രിക്‌സ് രാജ്യങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരതക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്നവരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. ആഗോള ഭീകരത സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാവുകയാണ്. ഇതിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ചുള്ള പോരാട്ടമാണ് നടത്തേണ്ടത്. ചിലതരം ഭീകരതയെ മാത്രമെതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഫലവത്താവുകയുള്ളൂ. ഓരോ രാജ്യങ്ങളും വ്യക്തിപരമായും സംഘടിതമായും ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ അയൽരാജ്യമാണെന്ന് പാകിസ്താനെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചിരുന്നു. റെയില്‍വേ, കൃഷി മേഖലകളില്‍ ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ചുള്ള ഗവേഷണം നടത്തും. ബ്രിക്സ് രാജ്യങ്ങളുടെ റേറ്റിങ് ഏജന്‍സി, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ രൂപീകരിക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഉച്ചകോടി വിജയമാക്കാന്‍ സഹകരിച്ച അംഗരാജ്യങ്ങളോട് നന്ദി പറയാനും പ്രധാനമന്ത്രി മറന്നില്ല. ബിംസ്ടെക് രാജ്യങ്ങളുടെ തലവന്‍മാരുമായും മോദി കൂടിക്കാഴ്ച നടത്തി.

 

 

 

 

Tags:    
News Summary - Selective Approach To Terror Won't Do modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.