വിജയ്‌യുടെ പാർട്ടിയെ സഖ്യത്തിന് ക്ഷണിച്ച് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ സഖ്യത്തിന് ക്ഷണിച്ച് എ.ഐ.എ.ഡി.എം.കെ. വിജയ്‌യെ തങ്ങളോടൊപ്പം സഖ്യത്തിന് ക്ഷണിക്കുന്നതായി മുൻ മന്ത്രിയും പാർട്ടി നേതാവുമായ സെല്ലൂർ കെ. രാജു പറഞ്ഞു.

'വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്യുകയാണ്. സിനിമയിൽ നിന്നുണ്ടാക്കിയ സമ്പത്ത് കൊണ്ട് വിജയ് ഒരുപാട് പാവങ്ങളെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് എ.ഐ.എ.ഡി.എം.കെ സഖ്യത്തോടൊപ്പം ചേരാം. വിജയ് തയാറാണെങ്കിൽ മറ്റ് കാര്യങ്ങൾ പാർട്ടി സെക്രട്ടറി എടപ്പാടി പളനിസ്വാമി തീരുമാനിക്കും' -സെല്ലൂർ രാജു പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെക്ക് ഏറ്റ തിരിച്ചടിയിൽ പാർട്ടി പ്രവർത്തകർ പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ വോട്ട് നേടാനായി വൻതോതിൽ പണം വിതരണം ചെയ്തു. കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ എം.കെ. സ്റ്റാലിന്‍റെ ഭരണത്തെ കെ. കാമരാജിന്‍റെ ഭരണവുമായാണ് താരതമ്യപ്പെടുത്തിയത്. ഇത്തരം താരതമ്യങ്ങൾ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പണം കൊടുത്ത് ജനങ്ങളെ സ്വാധീനിക്കുന്നത് കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

ജനങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ഡി.എം.കെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെയുടെ നടക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ജനങ്ങൾ അസ്വസ്ഥരാണ്. ബി.ജെ.പിയുമായി നേരത്തെ സഖ്യമുണ്ടാക്കിയത് അന്തരിച്ച നേതാവ് ജയലളിതയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ഞങ്ങൾ ഇപ്പോൾ മനസിലാക്കുന്നു. വൻ വാഗ്ദാനങ്ങൾ നൽകിയതിലൂടെ മാത്രം ബി.ജെ.പിക്ക് ജനങ്ങളുടെ മനസിൽ ഇടം നേടാനായില്ല. മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയത്തിന് തമിഴ്നാട്ടിൽ ഫലമുണ്ടാകില്ല -സെല്ലൂർ രാജു പറഞ്ഞു. 

Tags:    
News Summary - Sellur Raju, invites Vijay to join AIADMK alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.