ന്യൂഡൽഹി: ബാബരി മസ്ജിദ് നിയമയുദ്ധത്തിലെ മുന്നണിപ്പോരാളിയും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻ സെക്രട്ടറിയും പ്രമുഖ നിയമജ്ഞനുമായ സഫർയാബ് ജീലാനി അന്തരിച്ചു.
2021ൽ കാൽതെന്നി വീണ് മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു സഫർയാബ് ജീലാനി. ലഖ്നോവിലെ നിഷാദ്ഗഞ്ച് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 11.50നാണ് അന്ത്യം. 73 വയസ്സായിരുന്നു. ലഖ്നോവിലെ ആയിഷ്ബാഗിൽ ഖബറടക്കം നടത്തി.
1950ൽ ലഖ്നോവിലെ മലിഹാബാദിൽ ജനനം. സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാനും സഫർയാബ് ജീലാനിയും അലീഗഢ് സർവകലാശാലയിൽ സഹപാഠികളായിരുന്നു. ഇരുവരുടെയും നേതൃത്വത്തിലാണ് 1986ൽ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.
കമ്മിറ്റി കൺവീനറായി പതിറ്റാണ്ടുകൾ പ്രവർത്തിച്ച സഫർയാബ് ജീലാനി പതിറ്റാണ്ടുകൾ അചഞ്ചലമായ പ്രതിബദ്ധതയോടെ ബാബരി മസ്ജിദിനായി വാദിച്ചു. സുപ്രീംകോടതി വരെ വാദിച്ച് ദേശീയ ശ്രദ്ധ നേടി.
നേരത്തേ ഉത്തർപ്രദേശിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലായിരുന്നു. ഇസ്ലാഹിയ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓർഫനേജുകളും സ്ഥാപിച്ചു നടത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അൻജുമൻ ഇസ്ലാഹുൽ മുസ്ലിമീൻ അടക്കം വിവിധ സംഘടനകളുടെ മാർഗദർശിയുമായി. ഭാര്യയും മൂന്നു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.