ന്യൂഡൽഹി: സുപ്രീംകോടതികളിലും ഹൈകോടതികളിലും സീനിയർ അഭിഭാഷക പദവി നൽകുന്നതിനുള്ള നടപടിക്രമം സുതാര്യമാക്കുന്നതിന് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള സമിതിക്കാണ് പ്രാഥമികമായി സുപ്രീംകോടതി, ഹൈകോടതി അഭിഭാഷകരുടെ സീനിയോറിറ്റി പരിഗണിക്കുന്നതിനുള്ള ചുമതല. ഏറ്റവും മുതിർന്ന രണ്ടു സുപ്രീംകോടതി ജഡ്ജിമാരും അറ്റോണി ജനറലും ചീഫ് ജസ്റ്റിസിനു പുറമെ കമ്മിറ്റിയിലുണ്ടാകും.
ഹൈകോടതിയുടെ കാര്യത്തിൽ ഇത് രണ്ടു ഹൈകോടതി ജഡ്ജിമാരും അഡ്വക്കറ്റ് ജനറലുമാകും. ഇൗ നാല് അംഗങ്ങൾ ചേർന്ന് അഭിഭാഷകരുടെ കൂട്ടത്തിൽനിന്ന് ഒരാളെക്കൂടി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത് അഞ്ചംഗ കമ്മിറ്റി തികക്കുമെന്ന് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, രോഹിങ്ടൺ നരിമാൻ, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സീനിയർ പദവി നൽകുന്നതിനുള്ള കമ്മിറ്റി എന്ന പേരിലായിരിക്കും കമ്മിറ്റി അറിയപ്പെടുക. കമ്മിറ്റിക്ക് ഒരു സെക്രേട്ടറിയറ്റ് ഉണ്ടാകും. അഭിഭാഷകരുടെ സീനിയർ പദവിക്കായി ജഡ്ജിമാർ തങ്ങളുടെ നിർദേശങ്ങളും ഇൗ സെക്രേട്ടറിയറ്റിനാണ് സമർപ്പിക്കേണ്ടത്.
അഭിഭാഷകെൻറ അന്തസ്സ്, വിശ്വാസ്യത, അഭിഭാഷകൻകൂടി വാദിച്ച കഴിഞ്ഞ അഞ്ചു വർഷത്തെ കേസുകളിലെ പ്രധാന വിവിധ പ്രസ്താവങ്ങൾ എന്നിവയെല്ലാം സെക്രേട്ടറിയറ്റ് ശേഖരിച്ച് കമ്മിറ്റിക്കു മുമ്പാകെ വെക്കും. തുടർന്ന് സീനിയർ പദവിക്ക് അഭിഭാഷകൻ നിർദേശിക്കപ്പെട്ട വിവരം ബന്ധപ്പെട്ട കോടതി വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുകയും ചെയ്യും. ഇവയെല്ലാം ശേഖരിച്ചാണ് സെക്രേട്ടറിയറ്റ് അപേക്ഷ കമ്മിറ്റിയുടെ മുമ്പാകെ വെക്കുക. തുടർന്ന് കമ്മിറ്റി നിശ്ചയിക്കുന്ന പേരുകൾ ഫുൾകോർട്ടിലേക്ക് വിടും. ഫുൾകോർട്ടിൽ ആവശ്യമെങ്കിൽ മാത്രം രഹസ്യ വോെട്ടടുപ്പും നടത്തും. സ്വഭാവദൂഷ്യത്തിെൻറ പേരിൽ സീനിയർ പദവി തിരിച്ചുവിളിക്കാനുള്ള അധികാരവും കമ്മിറ്റിക്കുണ്ടായിരിക്കും.
പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിങ് സമർപ്പിക്കുകയും മലയാളിയും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ ട്രഷററുമായ വി.കെ. ബിജു കക്ഷിചേരുകയും ചെയ്ത ഹരജിയിലാണ് സുപ്രീംകോടതി വിധി. സീനിയർ അഭിഭാഷകർക്ക് വ്യത്യസ്തമായ ഗൗൺ നൽകി വിവേചനം കൽപിക്കുന്നതിനെ എതിർത്ത ജയ്സിങ് തെൻറ സീനിയർ ഗൗൺ ഉപേക്ഷിക്കുകയും ചെയ്തു. ജയ്സിങ്ങിനെ പിന്തുണച്ച് ഗുജറാത്ത് ഹൈകോടതി ബാർ അസോസിയേഷനും സുപ്രീംകോടതിയിലെത്തി. ജയ്സിങ്ങിെൻ ഹരജി പരിഗണനയിലുള്ളത് കാരണം കഴിഞ്ഞ രണ്ടു വർഷമായി സീനിയർ പദവി ആർക്കും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.