പൗരത്വ ഭേ​ദ​ഗതി നിയമം: മുൻകാല സമരങ്ങൾക്ക് നേതൃത്വം നൽകിയ സ്ത്രീ പ്രതിഷേധക്കാരെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ വീട്ടുതടങ്കലിലാക്കി ഉത്തർപ്രദേശ് പൊലീസ്. 2019-20 കാലഘട്ടത്തിൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്കും റാലികൾക്കും നേതൃത്വം വഹിച്ച സ്ത്രീകളെയാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയത്. പ്രതിഷേധക്കാരെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്നതിന് വിലക്ക് കൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തൻ്റെ താമസസ്ഥലത്തിന് പുറത്ത് പൊലീസ് കാവലാണെന്നും വീട്ടിലേക്കെത്തുന്ന അതിഥികളെ ചോദ്യം ചെയ്ത ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നതെന്നുമാണ് വീട്ടുതടങ്കലിലാക്കപ്പെട്ട ഇറാം ഫാത്തിമയുടെ പ്രതികരണം. അയൽവാസികൾക്ക് ഇത്തരം നടപടികൾ അരോചകമാകുന്നുണ്ടെന്നും അവർ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

സമാജ്‌വാദി പാർട്ടിയുടെ വക്താവ് കൂടിയായ സുമയ്യ റാണയുടേയും അവസ്ഥ സമാനമാണ്. “ജനാധിപത്യ ശബ്ദങ്ങൾ അടിച്ചമർത്താൻ സർക്കാർ ഞങ്ങളെ അറസ്റ്റു ചെയ്തു. മുമ്പ്, പൊലീസ് എൻ്റെ അപ്പാർട്ട്മെൻ്റിലെ പാർക്കിങ്ങിൽ ഇരിക്കാറുണ്ടായിരുന്നു, എന്നാൽ ഇത്തവണ അവർ എൻ്റെ ഫ്ലാറ്റിൽ കയറി എൻ്റെ വീടിനുള്ളിൽ ഇരുന്നു. മരണവീട് സന്ദർശിക്കാൻ പോലും അനുവിദിച്ചില്ല,” സുമയ്യ പറഞ്ഞു. സി.എ.എ ജനാധിപത്യ വിരുദ്ധമാമെന്നും മതം പരാമർശിച്ചുള്ള ഏതൊരു നിയമവും രാജ്യത്തിന് ദോഷമാകുമെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിൽ ഭയമില്ല. സി.എ.എക്കെതിരെ ഇനിയും ശക്തമായി പുോരാടുമെന്നും അവർ വ്യക്തമാക്കി.

അതേസമയം ആരെയും വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.

2019ൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദ​ഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. മോദിസർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനു പിന്നാലെ, 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻറിൽ പാസാക്കിയത്. പിന്നാലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാൽ, വിവേചനപരമായ നിയമവ്യവസ്ഥകൾക്കെതിരെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ കൂട്ടിക്കുഴക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച കടുത്ത ആശങ്ക പ്രതിഷേധത്തിൻറെ ആക്കം കൂട്ടി. പാർലമെൻറ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാൽ, നിയമം നടപ്പാക്കുന്നതിൻറെ ചട്ടങ്ങൾ ആറു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകൾക്കിടയിൽ ചട്ടവിജ്ഞാപനം പലവട്ടം സഭാസമിതിയുടെ അനുമതി തേടി കേന്ദ്രം നീട്ടിക്കൊണ്ടു പോയി. ഇതിനിടയിൽ പൗരത്വ അപേക്ഷകൾ ഓൺലൈനിൽ നൽകാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Several anti-CAA women protestors put under house arrest in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.