ബംഗളൂരു: നഗരത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ. കുടിവെള്ളമുപയോഗിച്ച് വാഹനം കഴുകുന്നതും ചെടികൾ നനക്കുന്നതും നിർമാണ പ്രവൃത്തി നടത്തുന്നതും നിരോധിച്ചു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം. നിർദേശം ലംഘിച്ചാൽ 5,000 രൂപയാണ് പിഴ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ ഓരോ പ്രാവശ്യവും 500 രൂപ വീതവും ഈടാക്കും.
നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയതായാണ് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചത്. പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ ഉൾപ്പെടെ കുടിവെള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ള ക്ഷാമ സാഹചര്യം സ്വകാര്യ ജലവിതരണക്കാർ ചൂഷണം ചെയ്യുന്നത് തടയാൻ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ടാങ്കറുകൾക്ക് പരമാവധി ഈടാക്കാനാവുന്ന തുക നിശ്ചയിച്ച് കഴിഞ്ഞദിവസം ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ദയാനന്ദ ഉത്തരവിറക്കിയിരുന്നു. 12,000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരമാവധി 1,000 രൂപയാണ് ജലവിതരണക്കാർക്ക് ഈടാക്കാനാവുക. അഞ്ചു കിലോമീറ്ററിന് മുകളിൽ ദൂരത്തിലാണ് വിതരണം ചെയ്യുന്നതെങ്കിലും 200 രൂപകൂടി അധികം ഉപഭോക്താവിൽനിന്ന് വാങ്ങാം. 6,000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ 600 രൂപയും അഞ്ചു കിലോമീറ്ററിന് മുകളിൽ 750 രൂപയും നൽകിയാൽ മതി. എന്നാൽ, കുടിവെള്ള ടാങ്കറുകൾ നിശ്ചയിച്ച നിരക്കിന്റെ പലയിരട്ടി തുകയാണ് ജനങ്ങളിൽനിന്ന് വാങ്ങുന്നതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.