ഹജ്ജൻ(ജമ്മു-കശ്മീർ): സ്ഥിരം ജോലിയില്ലാത്ത സഹോദരങ്ങൾക്ക് എന്തെങ്കിലും ബിസിനസ് ശരിയാക്കണം, വീട് കുറച്ച് മോടിയാക്കണം.. ഇങ്ങനെ സാധാരണ സ്വപ്നങ്ങളുമായാണ് റമീസ് അഹമ്മദ് പാരി അവധിക്ക് നാട്ടിലെത്തിയത്. അതിർത്തിരക്ഷാ സേനയിലെ 73ാം ബറ്റാലിയനിൽ ബാരാമുല്ലയിലാണ് 28കാരനായ സൈനികൻ സേവനമനുഷ്ഠിച്ചിരുന്നത്. വീട് ശ്രീനഗറിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൊരക്കടുത്ത് ഹജ്ജനിൽ. ആഗസ്റ്റ് 26ന് വീട്ടിൽ വന്ന ശേഷം ബുധനാഴ്ച വരെ സഹോദരങ്ങൾക്ക് കച്ചവടസ്ഥാപനം തുറക്കാനുള്ള ഒാട്ടത്തിലായിരുന്നു അദ്ദേഹം.
അതിനിടെയാണ് ദാരുണസംഭവം. വീട്ടിലേക്ക് ഇരച്ചുകയറിയ ഭീകരർ പോയൻറ് ബ്ലാങ്കിൽ വെടിയുതിർത്ത് ആ ജീവനെടുത്തു. വീട്ടിലുണ്ടായിരുന്ന സഹോദരങ്ങളും അമ്മായിയും പിതാവും കേണപേക്ഷിച്ചിട്ടും അവർ കനിഞ്ഞില്ല. കുടുംബത്തിലെ ഏക സ്ഥിരവരുമാനക്കാരനെ ഇല്ലാതാക്കി ഭീകരർ മടങ്ങി. ചൊവ്വാഴ്ച പാരി താമസിക്കുന്ന പാരി മൊഹല്ല പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്ത് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നിൽ പാരിയാണെന്ന തെറ്റിദ്ധാരണയാണ് സൈനികനെ ഭീകരർ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് കരുതുന്നു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പാരി മൊഹല്ലയിലെ വീട്ടിലേക്ക് രണ്ടു ഭീകരർ കടന്നുകയറിയത്. സൈനികനായതിനാൽ പാരി അവരോട് മല്ലിട്ടു. ഒരാൾക്ക് പരിക്കേറ്റു. പിടിവലിക്കിടെ അമ്മായിക്കും പരിക്കേറ്റു. ഇതേത്തുടർന്ന് അമ്മായിയെ ആശുപത്രിയിലെത്തിക്കാൻ ഒരുങ്ങവെ മറഞ്ഞുനിന്ന മറ്റ് നാല് ഭീകരർ കൂടി വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർക്കുകയായിരുന്നു. പാരിയുടെ തലക്കും വയറ്റിലുമാണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ യുവാവ് മരിച്ചു. പാരി അടുത്തയാഴ്ച അവധി കഴിഞ്ഞ് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് സഹോദരങ്ങളായ ജാവേദ് അഹമ്മദും മുഹമ്മദ് അഫ്സലും പൊലീസിനോട് പറഞ്ഞു. ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭയന്ന് പൊലീസ് അകമ്പടി ഒഴിവാക്കിയാണ് മൃതദേഹം ഖബറടക്കാൻ ആംബുലൻസിൽ കൊണ്ടുപോയത്. ബി.എസ്.എഫ്, സി.ആർ.പി.എഫ്, പൊലീസ് സേനവിഭാഗങ്ങൾ സൈനികന് അന്ത്യാഭിവാദ്യമർപ്പിച്ചു. ലശ്കറെ ത്വയ്യിബ ഭീകരരാണ് സംഭവത്തിനുപിന്നിലെന്ന് ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.