ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സഖ്യത്തിന് വിജയം. എസ്.എഫ്.ഐയെ കൂടാതെ അംബേദ്കർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (എ.എസ്.എ), ട്രൈബൽ സ്റ്റുഡന്‍റ്സ് ഫോറം (ടി.എസ്.എഫ്) എന്നിവരടങ്ങിയതാണ് സഖ്യം. എല്ലാ മേജർ പോസ്റ്റുകളും സഖ്യം നേടി. എ.ബി.വി.പിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി.
1880 വോട്ടുകൾ നേടിയ എസ്.എഫ്.ഐയുടെ മുഹമ്മദ് അതീഖ് അഹമ്മദ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പിയുടെ ഷെയ്ഖ് ആയിഷയെ 470 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എ.ബി.വി.പിയുടെ ആദ്യ മുസ്‌ലിം സ്ഥാനാർഥിയാണ് ആയിഷ.
ജല്ലി ആകാശ് 1671 വോട്ടുകളോടെ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 1765 വോട്ടുകൾ നേടി ദീപക് കുമാർ ആര്യ ജനറൽ സെക്രട്ടറിയായും 1775 വോട്ടുകൾ നേടി ലാവുധി ബാല ആഞ്ജനേയുലു ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
എസ്. അതുൽ സ്പോർട്സ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷമീം അക്തർ ഷെയ്ഖ് കൾച്ചറൽ സെക്രട്ടറിയായി വിജയിച്ചു. പി.ജി, ഇന്റഗ്രേറ്റഡ്, റിസേർച്ച് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി പോസ്റ്റിലും എസ്.എഫ്.ഐ-എ.എസ്.എ-ടി.എസ്.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ സ്കൂൾ കൗൺസിലറായി എം.എസ്.എഫ് സ്ഥാനാർഥി അൻജല ഷെറിൻ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.