ഷാഫി പറമ്പിൽ രാഹുൽ ഗാന്ധിക്കൊപ്പം 

'ജയ് ഷായെ ബി.സി.സി.ഐ മേധാവിയാക്കിയ പോലെയല്ല, നീറ്റിൽ ജയിക്കേണ്ടത് യോഗ്യരായവർ'

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. നീറ്റിലെ വീഴ്ചകൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയാറാവുന്നില്ല. രാജ്യത്തിന്‍റെ ഭാവി നിർണയിക്കേണ്ട വിദ്യാർഥികളോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെന്നും ഷാഫി വിമർശിച്ചു. പാർലമെന്‍റിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളോട് ഷാഫി പറമ്പിലിന്‍റെ പ്രതികരണം.

'എൽ.കെ.ജി പരീക്ഷകൾക്ക് പോലും ഇന്ന് രാജ്യത്ത് നീറ്റിനെക്കാൾ വിശ്വാസ്യതയുണ്ട്. രാജ്യത്തിന്‍റെ ഭാവി നിർണയിക്കേണ്ട വിദ്യാർഥികളോട് ഒരു സർക്കാറിന് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ. ജയ് ഷായെ ബി.സി.സി.ഐ മേധാവിയാക്കുന്നതുപോലെയല്ല ഇത്. നീറ്റിൽ വിജയിക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തുകയും അടുപ്പക്കാർക്കും ആവശ്യക്കാർക്കും നൽകുകയും ചെയ്യുകയെന്നത് രാജ്യത്തിന്‍റെ ഭാവിയോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. കേന്ദ്ര സർക്കാറോ മന്ത്രിയോ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ആരും രാജിവെക്കുന്നില്ല. അവരെല്ലാം ഗാലറിയിൽ ഇരുന്ന് കളികാണുക‍യാണ്. ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചതുപോലും വിദ്യാർഥികളുടെ കുടുംബങ്ങളുടെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദത്തെ തുടർന്നാണ്. ഒന്നും പുറത്തുവരരുതെന്നാണ് സർക്കാറിന്‍റെ ആഗ്രഹം. ആരാണ് ഇതിനെല്ലാം ഉത്തരവാദി? എന്തിനാണ് നമുക്കൊരു മന്ത്രി? ഇത്രയേറെ ഗൗരവകരമായ ഒന്ന് നടന്നിട്ടും പ്രധാനമന്ത്രി നടപടിയെടുക്കാതെ മൗനം തുടരുന്നത് എന്തുകൊണ്ടാണ്?' -ഷാഫി പറമ്പിൽ ചോദിച്ചു.


ഇന്നാണ് ഷാഫി പറമ്പിൽ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള 17 എം.പിമാർ സത്യപ്രതിജ്ഞ ചെയ്തത്. ഷാഫി പറമ്പിൽ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. എറണാകുളം എം.പിയായ ഹൈബി ഈഡൻ മാത്രമാണ് കേരളത്തിൽ നിന്നും ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത്. കെ.സി. വേണു​ഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവരും ഇം​ഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ മറ്റുള്ളവരെല്ലാം തന്നെ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 


Tags:    
News Summary - Shafi Parambil MP criticize central government over neet exam leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.