ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സഅദി ഉൾപ്പെടെ നാലുപേരുടെ നോമിനേഷൻ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തന്നെ തുടരും. ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷൻ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചിരിക്കുന്നത്.
ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്ന ഷാഫി സഅദി, 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് അന്ന് ഷാഫി സഅദി പരാജയപ്പെടുത്തിയിരുന്നത്. കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി, 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെ, പുതിയ കോൺഗ്രസ് സർക്കാറിൽ മുസ്ലിംകൾക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഷാഫി സഅദിയുടെ പ്രസ്താവനയിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് വിജയം നേടിയതിന്റെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ‘ജന്മഭൂമി’ മുഖപ്രസംഗം എഴുതിയത്. ഷാഫി സഅദിയുടെ പ്രസ്താവന വ്യക്തിപരമാണെന്നും മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നുമാണ് 22 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ കർണാടക മുസ്ലിം മുത്തഹിദ മഹസ് കൺവീനർ മസൂദ് അബ്ദുൽഖാദർ അന്ന് ‘മാധ്യമ’ത്തോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.