ശാഹി ജമാ മസ്ജിദ് സർവേ: പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി, സംഭാലിൽ സ്കൂളുകൾ അടച്ചു

സംഭാൽ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭാലിൽ ശാഹി ജമാ മസ്ജിദിൽ നടത്തിയ സർവേക്കു പിന്നാലെ പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നുഅ്മാൻ, ബിലാൽ, നയീം എന്നിവർക്കു പുറമെ മുഹമ്മദ് കൈഫ് എന്നയാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷത്തെ തുടർന്ന് കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തുകയും നിരോധന ഉത്തരവുകൾ നടപ്പിലാക്കുകയും ചെയ്തു. സ്കൂളുകളും കോളജുകളും അടച്ചുപൂട്ടുകയും പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്. മുഗളന്മാർ ക്ഷേത്രം തകർത്ത് മസ്ജിദ് നിർമിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് സർവേ നടത്തിയത്.

സംഭാലിൽ 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് നിർത്തിവച്ചത്. 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു. പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവുകൾ നിലവിലുണ്ട്. കല്ലുകൾ, സോഡ കുപ്പികൾ, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കൾ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ അനുമതിയില്ലാതെ പ്രദേശത്ത് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. അക്രമത്തിൽ പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആർ.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബി.ജെ.പിയെ വിമർശിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അക്രമം സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Shahi Jama Masjid survey: Death toll in police firing rises to four, schools closed in Sambhal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.