മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലെ വിമത നീക്കം നടന്നതിനു പിറകെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കൂറുമാറുമോ എന്ന സംശയത്തിലായിരുന്നു ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ് അടക്കമുള്ള ‘ഇൻഡ്യ’ സഖ്യത്തിലെ കക്ഷികൾ. നഗരത്തിൽ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ഇൻഡ്യ യോഗത്തിന് പവാർ എത്തുമോ എന്നും ഉറ്റുനോക്കപ്പെട്ടു.
എന്നാൽ, ഇൻഡ്യ യോഗത്തിന്റെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ചൊവ്വാഴ്ച സാന്താക്രൂസിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെത്തിയ പവാർ ശിവസേന (യു.ടി.ബി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് അശോക് ചവാൻ എന്നിവർക്കൊപ്പം ബുധനാഴ്ച വാർത്തസമ്മേളനവും നടത്തി. എങ്കിലും പവാറിന്റെ ഉള്ളിലിരിപ്പ് എന്തെന്ന ആശയക്കുഴപ്പത്തിലാണ് പലരും. ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി സർക്കാറിൽ ഉപമുഖ്യമന്ത്രിയായ ശേഷം അജിത് പവാറും ശരദ് പവാറും രഹസ്യ കൂടിക്കാഴ്ചനടന്നത് സംശയമുണ്ടാക്കി.
പവാറിന് മന്ത്രിപദ വാഗ്ദാനവുമായി ബി.ജെ.പി കേന്ദ്രനേതൃത്വമാണ് അജിത്തിനെ പറഞ്ഞുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ പാർട്ടി പിളർന്നിട്ടില്ലെന്നും അജിത് പാർട്ടി നേതാവാണെന്നും പറഞ്ഞു. അത് വിവദമായതോടെ മാറ്റിപ്പറയുകയും ചെയ്തു. അജിത്തിനൊപ്പം പോയ ഛഗൻ ഭുജ്ബലും വെടിപൊട്ടിച്ചു. ബി.ജെ.പിയുമായി ചർച്ചക്ക് അജിത്, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ എന്നിവരെ ഡൽഹിക്ക് അയച്ചത് പവാറാണെന്നാണ് ഭുജ്ബലിന്റെ ആരോപണം.
എങ്ങും പോകില്ലെന്നും ചതിച്ചവരെ ജനം പാഠംപഠിപ്പിക്കുമെന്നും പവാർ പറഞ്ഞെങ്കിലും അദ്ദേഹത്തെ സംശയമുനയിലായാണ് കോൺഗ്രസ് ഇപ്പോഴും നിർത്തുന്നത്. എങ്കിലും വരും തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം രാഷ്ട്രീയ മാറ്റത്തിനുള്ള ബദലാകുമെന്ന ആത്മവിശ്വാസമാണ് യോഗത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ പവാർ പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.