അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികത്തിൽ അപൂർവ്വ ചിത്രം പങ്കുവച്ച് ശശി തരൂർ എം.പി. രാജീവ് ഗാന്ധിയുടെ സ്വകാര്യ പൈലറ്റ് ലൈസൻസിന്റെ ഫോട്ടോയോടൊപ്പമാണ് ശശി തരൂർ എം.പി ഓര്‍മകുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി ഒരു പ്രൊഫഷണൽ പൈലറ്റ് കൂടിയായിരുന്നു.
'78ാം ജന്മദിനത്തിൽ രാജീവ് ഗാന്ധി എന്തായിരിക്കുമെന്ന് ഓർത്തുപോകുകയാണ്. അദ്ദേഹം രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു, പക്ഷേ യാത്രാമധ്യേ ഞങ്ങളിൽ നിന്ന് അദ്ദേഹം ക്രൂരമായി തട്ടിയെടുക്കപ്പെട്ടു'-ശശി തരൂർ ട്വിറ്റിൽ കുറിച്ചു.
ലൈസൻസിൽ രാജീവ് ഗാന്ധിയുടെ ഫോട്ടോയും അദ്ദേഹത്തിന്റെ മുഴുവൻ പേരുമുൾപ്പെടെയുള്ള വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജീവരത്ന ഗാന്ധി; വിലാസം- സഫ്ദർജംഗ് റോഡ്, ന്യൂഡൽഹി; ദേശീയത, ഇന്ത്യൻ; ജനനത്തീയതി, 1944 ഓഗസ്റ്റ് 20; ജനന സ്ഥലം, ബോംബെ എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ലൈസൻസിൽ കാണാം.
2022 ഓഗസ്റ്റ് 20 രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷിക ദിനമാണ്. 1944ൽ ജനിച്ച രാജീവ് ദീർഘകാലം രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്നിരുന്നു. സഹോദരൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. അമ്മയും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം, 1984 ഒക്ടോബർ 31ന് നാൽപതാം വയസ്സിൽ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1991ൽ എൽ.ടി.ടി.ഇ ഭീകരർ അദ്ദേഹത്തെ വധിച്ചു. മരണാനന്തരം 1991ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.