എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി പദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടുക്കുന്നത് ശരിയില്ലെന്ന് സ്ഥാനാർഥി ശശി തരൂർ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മലികാർജുൻ ഖാർഗെക്ക് പിന്തുണ നൽകിയത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നാണ് കരുതുന്നതെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിപദവികളിലിരിക്കുന്നവർ പരസ്യ നിലപാടെടുക്കരുതെന്ന് സർക്കുലറുണ്ടെന്നും അതുകൊണ്ട് സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും അതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ നേതാക്കൻമാരുടെ പിന്തുണ ഞാൻ പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പ്രവർത്തകരുടെ പിന്തുണയുണ്ട്. അവർ വിളിക്കുന്നുണ്ട്. പിന്തുണ അറിയിക്കുന്നുണ്ട്. യുവ നേതാക്കളും കൂടെയുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
പ്രതിനിധികളുടെ ഫോൺ നമ്പറുകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും ബുധനാഴ്ച കിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാണാവുന്നവരെ മുഴുവൻ കാണാനും വിളിക്കാവുന്നവരെ വിളിക്കാനുമാണ് ശ്രമിക്കുന്നത്. പ്രതിനിധികൾ എങ്ങിനെ വോട്ട് ചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണാമെന്നും ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.