ലഖ്നോ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ശശി തരൂർ രണ്ട് ദിവസത്തിനിടെ രണ്ടു തവണയാണ് യു.പി പര്യടനം റദ്ദാക്കിയത്. മല്ലികാർജുൻ ഖാർഗെയാണ് കോൺഗ്രസ് പ്രസിഡന്റ് പദത്തിലേക്കുള്ള ശശി തരൂരിന്റെ പ്രധാന എതിരാളി.
തിങ്കളാഴ്ചയായിരുന്നു ആദ്യം തരൂർ പ്രചാരണത്തിന് തീരുമാനിച്ചത്. എന്നാൽ മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അന്ന് പ്രചാരണം നടത്തുന്നത് അനുചിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. അത് റദ്ദാക്കി ചൊവ്വാഴ്ച ലഖ്നോ സന്ദർശിക്കാൻ തരൂർ തീരുമാനിച്ചു. എന്നാൽ അന്നേ ദിവസം ഖാർഗെയും ലഖ്നോയിൽ പ്രചാരണത്തിന് തീരുമാനിച്ചിരുന്നു.
ഖാർഗെയുടെ അനുയായികളുമായി സംഘർഷമുണ്ടാകാൻ സാധ്യത കണക്കിലെടുത്ത് തരൂരിനോട് ചൊവ്വാഴ്ചത്തെ പര്യടനം മാറ്റിവെക്കണമെന്നാണ് യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. ഇനി ഒക്ടോബർ 16നാണ് തരൂർ ലഖ്നോയിലെത്തുക.
തരൂർ തുടരെ തുടരെ യു.പി പര്യടനം റദ്ദാക്കിയത് ആളുകളുടെ നെറ്റി ചുളിച്ചിരുന്നു. യു.പിയിലെ മുതിർന്ന നേതാക്കൾ തരൂരിനെ പ്രചാരണത്തിൽ നിന്ന് പിന്തിരിപ്പിച്ചതാണോ എന്ന രീതിയിൽ ചോദ്യം ഉയരുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുക യു.പിയിൽ നിന്നാണ്. 1200 ലേറെ ഡെലിഗേറ്റുകളാണ് യു.പിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.