ന്യൂഡൽഹി: മുന്‍ കോൺഗ്രസ് നേതാവ് ആർ.പി.എൻ സിങ് ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ പ്രതികരണവുമായി ശശി തരൂർ എം.പി. ബി.ജെ.പിയുടെ പ്രചാരണ ഉപാധിയായ 'കോൺഗ്രസ് മുക്ത് ഭാരത് ' എന്ന വാക്കിനെ ഉദ്ധരിച്ച് നിലവിൽ 'കോൺഗ്രസ് യുക്ത് ബി.ജെ.പി ' അഥവാ കോൺഗ്രസ് ഉള്ള ബി.ജെ.പിയാണുള്ളതെന്ന് തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ, ആർ.പി.എൻ സിങ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
"ആർ.പി.എൻ സിങ് വീട് വിട്ടുപോവുകയാണ്, ഒരുപക്ഷേ അദ്ദേഹത്തിന് മറ്റ് സ്വപ്നങ്ങളുള്ളത് കൊണ്ടാകാം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. പക്ഷേ അവിടെ മുഴുവന്‍ നമ്മുടെ ആളുകളാണുള്ളത് " - തരൂർ ട്വീറ്റ് ചെയ്തു. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തോട് സത്യസന്ധത പുലർത്താൻ കഴിയാത്ത ഒരാൾ നമ്മുടേതാകില്ലെന്നും നമ്മുടെ ആളുകളെയും സ്വപ്നങ്ങളെയും തിരഞ്ഞുകൊണ്ട് ബി.ജെ.പിയിലേക്ക് പോകേണ്ടതില്ലെന്നും ട്വീറ്റിന് മറുപടിയായി കോൺഗ്രസ് ദേശീയ വക്താവായ പവൻ ഖേര പറഞ്ഞു.
വിപരീത പ്രത്യയശാസ്ത്രമുള്ള പാർട്ടികളിലേക്ക് കൂറുമാറുന്നവർ ഭീരുക്കളാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെയും നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രവൃത്തികളിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലെന്നുമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആർ.പി.എൻ സിങ് അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.