ചെന്നൈ: അവിഹിത സ്വത്തുസമ്പാദന കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല 2021 ജനുവരി 27ന് ജയിൽമോചിതയാവുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിൽ ആശങ്ക. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ മടങ്ങിവരവ് അണ്ണാഡി.എം.കെക്ക് തലവേദനയാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അണ്ണാ ഡി.എം.കെയിലെ അസംതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും 'അമ്മ മക്കൾ മുന്നേറ്റ കഴക'ത്തിലേക്ക് കൊണ്ടുവരാൻ ടി.ടി.വി ദിനകരൻ അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ചില നേതാക്കൾ തങ്ങളോടൊപ്പം ചേരുമെന്നാണ് ദിനകരൻ ക്യാമ്പിെൻറ പ്രതീക്ഷ. ശശികലയുടെ തിരിച്ചുവരവ് തങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലകൾതോറും സന്ദർശനം നടത്തി നേതാക്കളെയും പ്രവർത്തകരെയും ഉറപ്പിച്ചുനിർത്തുന്നുണ്ട്.
ബംഗളൂരു സ്വദേശി നരസിംഹമൂർത്തി വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ബംഗളൂരു ജയിലധികൃതർ ശശികലയുടെ ജയിൽമോചന വിവരമറിയിച്ചത്. കോടതി വിധിച്ച 10 കോടി രൂപ പിഴത്തുക അടക്കാത്തപക്ഷം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്ന് 2022 ഫെബ്രുവരി 27നാവും മോചനം. അവിഹിത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരി 14നാണ് സുപ്രീംകോടതി നാലു വർഷം തടവും 10 കോടി രൂപ പിഴയും വിധിച്ചത്.
ജയലളിതയുടെ മരണത്തിനുശേഷം ശശികലയാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കാനിരുന്നത്. അതിനിടെയാണ് അവിഹിത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധി ഉണ്ടായത്. പിന്നീട് ശശികല തെൻറ വിശ്വസ്തനായ എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. തുടർന്ന് അണ്ണാ ഡി.എം.കെയിൽനിന്ന് ഒ. പന്നീർസെൽവം പുറത്തുപോവുകയും പിന്നീട് തിരിച്ചെത്തി ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതിനിടയിലാണ് ശശികലയെയും കുടുംബാംഗങ്ങളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയത്. തുടർന്ന് ടി.ടി.വി ദിനകരൻ 'അമ്മ മക്കൾ മുന്നേറ്റ കഴകം' രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.