മുംബൈ: വ്യവസായി രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമാണ കേസിൽ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മുംബൈ ജുഹുവിലെ ബംഗ്ലാവിലെത്തിയ ക്രൈംബ്രാഞ്ച് സംഘം അഞ്ചു മണിക്കൂർ നേരം മൊഴിയെടുത്ത ശേഷമാണ് മടങ്ങിയത്. കുന്ദ്രയുടെ നീലച്ചിത്ര വ്യവസായം ശിൽപ ഷെട്ടിയുടെ അറിവോടെയായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. മൊബൈൽ ആപ് വഴി നീലച്ചിത്ര വിൽപന നടത്തിയതിന്‍റെ സാമ്പത്തിക ഇടപാടുകൾ ശിൽപയുടെ അക്കൗണ്ട് വഴി നടന്നോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സമയത്ത് രാജ് കുന്ദ്രയെയും പൊലീസ് കൂടെ കൂട്ടിയിരുന്നു.
വിയാൻ എന്ന പേരിൽ കമ്പനി നടത്തുകയും അടുത്ത ബന്ധുവിന്‍റെ പേരിൽ ബ്രിട്ടനിലുള്ള കെർനിൻ എന്ന സ്ഥാപനവുമായി സ്വന്തം കമ്പനിവഴി സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുന്നതായി അന്വേഷണ സംഘം പറയുന്നു. നീലച്ചിത്രങ്ങൾ വിൽപന നടത്തിയിരുന്നത് കെർനിനു കീഴിലെ ഹോട്ഷോട്ട്സ് എന്ന മൊബൈൽ ആപ് വഴിയാണ്.
തെളിവുകൾ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിൽ കുന്ദ്രയെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ കുന്ദ്രയെയും സഹായി റിയാൻ തോർപിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹോട്ഷോട്ട്സ് എന്ന മൊബൈൽ ആപ് വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ് കുന്ദ്രക്കെതിരായ കേസ്. സ്വന്തമായി അശ്ലീല വിഡിയോകൾ നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കുന്ദ്രയുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും അതിലെ രേഖകൾ പരിശോധനക്കു വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
കൂടുതൽ സ്ഥിരീകരണത്തിനായി കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചുവരികയാണ്. യുനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയിൽ ക്രിക്കറ്റ് ബെറ്റിങ് കമ്പനിയായ മെർകുറി ഇന്‍റർനാഷനലിന്‍റെ പേരിലുള്ള അക്കൗണ്ടിൽനിന്ന് കുന്ദ്രയുടെ യെസ് ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, കുന്ദ്രക്കെതിരെ 2019ൽ വഞ്ചനാക്കുറ്റത്തിനും മോഷണത്തിനും കേസ് നൽകിയിരുന്ന പൂനം പാണ്ഡെ പുതിയ ആരോപണവുമായി രംഗത്തെത്തി. ഹോട്ഷോട്ട്സ് ആപിനായി കുന്ദ്ര തെന്ന സമീപിച്ചിരുന്നൂവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.