മുംബൈ: അത്താഴ വിരുന്നിനുള്ള എൻ.സി.പി സ്ഥാപകൻ ശരദ് പവാറിന്റെ ക്ഷണം നിരസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസും. പാർട്ടി പിളർത്തി ബി.ജെ.പി പാളയത്തേക്കുപോയ ജ്യേഷ്ഠപുത്രനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെയും അത്താഴത്തിന് ക്ഷണിച്ചിരുന്നു. അജിത് പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ബാരാമതിയിൽ നടക്കുന്ന തൊഴിൽ മേളക്കെത്തുന്ന മൂവരെയും പവാർ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അജിത് പവാറിന്റെ മേൽനോട്ടത്തിലാണ് തൊഴിൽ മേള.
മുഖ്യമന്ത്രിയായശേഷം ഷിൻഡെ ആദ്യമായി തന്റെ നാട്ടിൽ വരുന്നതിനാൽ ക്ഷണിച്ചതാണെന്നാണ് പവാറിന്റെ വിശദീകരണം. എന്നാൽ, താൽപര്യമുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച തിരക്കുകളെത്തുടർന്ന് വരാനാകില്ലെന്ന് മറുപടിക്കത്തിൽ ഷിൻഡെയും ഫഡ്നാവിസും പവാറിനെ അറിയിച്ചു. മുഖ്യമന്ത്രിമാർ ബാരാമതിയിൽ എത്തിയാൽ അവരെ ക്ഷണിക്കുന്നത് പവാറിന്റെ പതിവാണെന്നാണ് മകളും എം.പിയുമായ സുപ്രിയ സുലെയുടെയും പ്രതികരണം.
അതേസമയം, അത്താഴത്തിനുള്ള ക്ഷണം പവാർ തൊടുത്തുവിട്ട അസ്ത്രമാണെന്ന് വിലയിരുത്തലുണ്ട്. ക്ഷണം നിരസിച്ചാലും സ്വീകരിച്ചാലും പവാറിന് ഗുണംചെയ്യുമെന്നതാണ് മറ്റൊന്ന്. സൂക്ഷ്മതയോടെയാണ് ഷിൻഡെയും ഫഡ്നാവിസും വിരുന്നിന് വരനാകില്ലെന്ന് മറുപടി നൽകിയത്. പവാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ വിദ്യപരിഷ്താനിലാണ് തൊഴിൽ മേള നടക്കുന്നതെങ്കിലും ചടങ്ങിന് പവാറിനെ ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, പവാറിന്റെ പാർട്ടി എം.പിമാരായ സുപ്രിയ, അമോൽ കോലെ, രാജ്യസഭാംഗം വന്ദന ചവാൻ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.