പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; നീക്കം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

മുംബൈ: ഈ വർഷമൊടുവിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാടൻ പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. പശുവിന് ഇന്ത്യയിലുള്ള ‘സാംസ്കാരിക പ്രാധാന്യം’ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരത്തിൽ പ്രാചീനകാലം മുതൽ പശുവിന് പ്രത്യേക സ്ഥാനവും ആത്മീയവും ശാസ്ത്രീയവും സാമ്പത്തികവുമായ പ്രാധാന്യവുമുണ്ടെന്ന് സർക്കാർ പറയുന്നു.

“പുരാതന കാലം മുതൽ, മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ പശുക്കൾക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. വേദകാലം മുതൽ പശുക്കളുടെ ആത്മീയവും ശാസ്ത്രീയവും സാമ്പത്തികവുമായ പ്രാധാന്യം കണക്കിലെടുത്ത് അവയെ ‘കാമധേനു’ എന്ന് വിളിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധയിനം നാടൻ പശുക്കൾ കാണപ്പെടുന്നു. നാടൻ പശുക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണ്. നാടൻ പശുവിൻ പാൽ അടങ്ങിയ ഭക്ഷണത്തിന് കൂടുതൽ പോഷകമൂല്യമുണ്ട്.

ഇതിനുപുറമെ ആയുർവേദ തെറാപ്പി, പഞ്ചഗവ്യ ചികിത്സാ രീതികൾ, ജൈവകൃഷിയിൽ ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ നാടൻ പശുക്കളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത്, പശുക്കളെ വളർത്താൻ കർഷകരെ പ്രേരിപ്പിക്കുന്നതിനായി നാടൻ പശുവിനെ ’രാജ്യമാത - ഗോമാത’ ആയി പ്രഖ്യാപിക്കുന്നു” -സർക്കാർ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.

നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പിലാക്കാൻ മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനിച്ചു. വരുമാനം കുറവായതിനാൽ ഗോശാലകൾക്ക് ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സബ്‌സിഡി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാനായി ഓരോ ജില്ലയിലും ജില്ലാ ഗോശാല വെരിഫിക്കേഷൻ കമ്മിറ്റി രൂപവത്കരിക്കും. 

Tags:    
News Summary - Maharashtra: Shinde Govt Declares Cow As 'Rajya Mata' Ahead Of Assembly Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.