തരുൺ സക്സേന

‘45 ദിവസമായി ഉറക്കമില്ല, സീനിയേഴ്സ് ഭീഷണിപ്പെടുത്തി, കടുത്ത ജോലി സമ്മർദം’; ജീവനൊടുക്കി ബജാജ് ഫിനാൻസ് ജീവനക്കാരൻ

ലഖ്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ തൊഴിൽ സമ്മർദത്തെ തുടർന്ന് 42കാരൻ ജീവനൊടുക്കി. ബജാജ് ഫിനാൻസ് ലഖ്നോ ഏരിയ മാനേജരായ തരുൺ സക്സേനയാണ് ആത്മഹത്യ ചെയ്തത്. ടാർഗറ്റ് എത്തിക്കാനായി സീനിയർ ഉദ്യോഗസ്ഥർ നിരന്തരം സമ്മർദത്തിലാക്കിയെന്നും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഭീഷണി മുഴക്കിയെന്നും തരുൺ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ജോലി സമ്മർദം മൂലം 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തിൽ ബജാജ് ഫിനാൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ ജോലിക്കാരിയാണ് തരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് തരുൺ. ഭാര്യയെ സംബോധന ചെയ്ത് എഴുതിയ അഞ്ച് പേജുള്ള കത്തിൽ, താൻ കടുത്ത സമ്മർദത്തിലാണെന്നും പരമാവധി ശ്രമിച്ചിട്ടും ടാർഗറ്റ് എത്തിക്കാനാകുന്നില്ലെന്നും തരുൺ പറയുന്നു. മേഖലയിലെ ബജാജ് ഫിനാൻസ് വായ്പകളുടെ ഇ.എം.ഐ തിരിച്ചടവ് വായ്പ എടുത്തരിൽനിന്ന് കൃത്യമായി എത്തിക്കുക എന്നതായിരുന്നു തരുണിന്‍റെ ജോലി. “ടാർഗറ്റ് എത്താത്തതിനാൽ തനിക്ക് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. സീനിയർ ഉദ്യോഗസ്ഥർ നിരന്തരം അപമാനിക്കുന്നു. ഭാവിയേക്കുറിച്ച് വലിയ ആശങ്കയുണ്ട്. എന്‍റെ ചിന്താശേഷി നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ പോവുകയാണ്” -ആത്മഹത്യാകുറിപ്പിൽ തരുൺ വ്യക്തമാക്കി.

ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളെക്കുരിച്ച് പലതവണ തരുൺ സീനിയർ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ അവർ കേൾക്കാൻ തയാറായില്ല. സമ്മർദം മൂലം 45 ദിവസമായി ഉറങ്ങിയിട്ടില്ല. നേരാംവണ്ണം ഭക്ഷണം കഴിക്കാനാവുന്നില്ല. എന്തുവില നൽകിയും ടാർഗറ്റ് എത്തിക്കുക, അല്ലെങ്കിൽ ജോലി രാജിവെക്കുക എന്നാണ് സീനിയർ മാനേജർമാർ പറയുന്നത്. ഇനിയും മുന്നോട്ടു പോകുന്നത് അസാധ്യമാണെന്നും കുട്ടികൾക്ക് വർഷാവസാനം വരെയുള്ള സ്കൂൾ ഫീസ് അടച്ചിട്ടുണ്ടെന്നും തരുൺ കത്തിൽ പറയുന്നു.

കുടുംബത്തിൽനിന്ന് പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജോലി സമ്മർദത്തെ തുടർന്ന് ഇവൈയിലെ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവം ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ് തരുൺ സക്സേനയുടെ ആത്മഹത്യ. കൊച്ചി സ്വദേശിയായ അന്നയെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ കമ്പനി മേധാവിക്ക് ഇമെയിൽ അയച്ചതോടെ സംഭവം രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056) 

Tags:    
News Summary - "No Sleep For 45 Days": Bajaj Staff Dies By Suicide, Blames Work Pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.