ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണവും. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡിയുടെ പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു.
സിദ്ധരാമയ്യക്കെതിരെ എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഇഡി ഫയൽ ചെയ്തത്. സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയത്.
മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം.
മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസിൽ അന്വേഷണത്തിനായി ലോകായുക്ത പൊലീസ് നാലു സ്പെഷൽ ടീം രൂപവത്കരിച്ചിരുന്നു. ലോകായുക്ത പൊലീസ് വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെയാണ് മുഡ വിവാദം ആളിക്കത്തിയത്. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി ഡിസംബർ 24നകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഇതിനു പിന്നാലെ, പരാതിക്കാരായ ബംഗളൂരു സ്വദേശി എസ്.പി. പ്രദീപ് കുമാർ, മൈസൂരു സ്വദേശി സ്നേഹമയി കൃഷ്ണ എന്നിവർ മൈസൂരു ഡിവിഷൻ ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിന് പരാതി നൽകി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിലുള്ള മൈസൂരു ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നുമാണ് സിദ്ധരാമയ്യയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.