മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയവേ, മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഏക്നാഥ് ഷിൻഡെ. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആശീർവാദം തനിക്കുണ്ടെന്നും അതുള്ളിടത്തോളം കാലം മുഖ്യമന്ത്രി പദത്തിൽ തുടരുമെന്നും വിമത ശിവസേന നേതാവ് കൂടിയായ ഷിൻഡെ പറഞ്ഞു.

എൻ.സി.പിയെ പിളർത്തി അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ ബി.ജെ.പി ഒപ്പം കൂട്ടിയതിന് പിന്നാലെയാണ് സഖ്യസർക്കാറിൽ നിന്ന് ഷിൻഡെ രാജിവെക്കുമെന്ന അഭ്യൂഹമുയർന്നത്. എൻ.സി.പിയെ പിളർത്തിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും എട്ട് എം.എൽ.എമാർക്ക് മന്ത്രി പദവിയും ബി.ജെ.പി നൽകിയിരുന്നു. എൻ.സി.പിയോട് ബി.ജെ.പി കാട്ടുന്ന പ്രീണന നിലപാടിൽ ശിവസേന ഷിൻഡെ വിഭാഗത്തിന് അതൃപ്തിയുണ്ട്.

എന്നാൽ, അജിത് പവാർ കൂടി വന്നതോടെ സർക്കാറിന് കരുത്ത് വർധിച്ചിരിക്കുകയാണെന്നാണ് ഇന്നലെ ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഷിൻഡെ പ്രസംഗിച്ചത്. മൂന്ന് പാർട്ടികളുടെയും എം.എൽ.എമാർ ചേരുമ്പോൾ 288 അംഗ മന്ത്രിസഭയിൽ ഭരണകക്ഷി അംഗങ്ങൾ 200ലേറെയാകും. സർക്കാറിന് ഭീഷണിയുയർത്താൻ ആർക്കുമാകില്ല. ആർക്കും അതൃപ്തിയില്ല, എല്ലാവരും സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പിന്തുണ സർക്കാറിനുണ്ട് -ഷിൻഡെ പറഞ്ഞു.

ഷിൻഡെ രാജിവെച്ച് അജിത് പവാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് അഭ്യൂഹം പ്രചരിച്ചിരുന്നത്. വരുംനാളുകളിൽ അതാണ് സംഭവിക്കാൻ പോകുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തും പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. ഷിൻഡെ മുഖ്യമന്ത്രിയായി തുടരും. ആശയക്കുഴപ്പമുണ്ടാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന ഷിൻഡെ പക്ഷത്തു നിന്ന് എം.എൽ.എമാർ ഉദ്ധവ് പക്ഷത്തേക്ക് തിരിച്ചുപോകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എൻ.സി.പി വന്നതോടെ ബി.ജെ.പിക്ക് തങ്ങളെ വേണ്ടാതെയാകുമെന്നാണ് ഇവരുടെ ആശങ്ക. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ ഉദ്ധവ് താക്കറെയുടെ കക്ഷിയിലേക്ക് തന്നെ തിരിച്ചുപോകുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി നിരീക്ഷിച്ചിരുന്നു.

എൻ.സി.പി വിമതർക്ക് ശക്തിതെളിയിക്കാൻ സാധിച്ചാൽ ബി.ജെ.പിക്ക് തങ്ങളെ വേണ്ടാതെയാകും എന്ന ഭീതി ഷിൻഡെ വിഭാഗക്കാർക്കിടയിൽ സജീവമാണ്. ശിവസേനയെ പിളർത്തി ഷി​ൻ​ഡെ​യോ​ടൊ​പ്പം പോ​യ എം.​എ​ൽ.​എ​മാ​ർ അ​യോ​ഗ്യ​ത ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ലുമാണിപ്പോൾ. അതേസമയം, ഷി​ൻ​ഡെ പ​ക്ഷ​ക്കാ​ർ​ക്ക് അയോഗ്യതയിലൂടെ നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യാ​ലും തങ്ങൾക്ക് മേ​ൽ​ക്കൈ​യു​ള്ള സ​ർ​ക്കാ​റി​ന് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നുള്ള നീക്കമാണ് എൻ.സി.പിയെ പിളർത്തിയതിലൂടെ ബി.​ജെ.​പി​ ഇപ്പോൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Tags:    
News Summary - Shinde, Uddhav trade charges over crossover bid in numbers game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.