ന്യൂഡൽഹി: തീരനിരീക്ഷണത്തിനുള്ള കപ്പലുകൾ നിർമിക്കുന്നത് വൈകിയതിന് അനിൽ അംബാനിയുെട റിലയൻസ് കമ്പനി, ബാങ്ക് ഗാരൻറിയായി നൽകിയ 100 കോടി രൂപ നാവികസേന പിടിച്ചെടുത്തു. നാലു വർഷത്തിനുള്ളിൽ അഞ്ചു കപ്പൽ നിർമിച്ചുനൽകാനാണ് നാവികസേനയും റിലയൻസ് നേവി ആൻഡ് എൻജിനീയറിങ് ലിമിറ്റഡുമായുള്ള (ആർ.എൻ.ഇ.എൽ) കരാർ. എന്നാൽ, ഏഴുവർഷം കഴിഞ്ഞിട്ടും രണ്ടു കപ്പലുകൾ മാത്രമാണ് കമ്പനി സേനക്ക് കൈമാറിയത്. റഫാൽ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ കമ്പനിയെ കേന്ദ്ര സർക്കാർ പങ്കാളിയാക്കിയത് വിവാദമായിരുന്നു.
കരാർ പൂർത്തിയാക്കുന്നത് വൈകുന്നതിനാൽ റിലയൻസ് കമ്പനി ബാങ്ക് ഗാരൻറിയായി നൽകിയ തുക പിടിച്ചെടുത്തുവെന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലംബ വ്യക്തമാക്കി. എന്നാൽ, കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിട്ടില്ല. പദ്ധതി വൈകുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഒരു കമ്പനിയോടും തങ്ങൾക്ക് പ്രത്യേക താല്പര്യമില്ലെന്നും അദ്ദഹം പറഞ്ഞു. ‘പിപവാവ്’ എന്ന കമ്പനിക്കാണ് 2011ൽ അഞ്ചു കപ്പലുകൾ നിർമിക്കാനുള്ള 2500 കോടി രൂപയുടെ കരാര്‍ ലഭിച്ചത്.
ഇൗ കമ്പനി പിന്നീട് റിലയന്‍സ് ഏറ്റെടുത്തു. 2015ല്‍ കപ്പലുകൾ നാവികസേനക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 2017 ജൂലൈയിലാണ് ആദ്യമായി കമ്പനി കപ്പൽ കൈമാറുന്നത്. യുദ്ധക്കപ്പലുകളിൽ വനിതകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്ക് വേഗംകൂട്ടിയതായി നാവികസേന മേധാവി പറഞ്ഞു. ഇതിനായി കപ്പലുകളുടെ ഘടനയിലും അടിസ്ഥാന സൗകര്യത്തിലും മാറ്റംവരുത്തും.
വനിതകളുടെ പരിശീലനത്തിനുള്ള കപ്പൽ ഉടൻ സേനക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.