'മലയാളി രക്ഷാപ്രവർത്തകർ തിരിച്ചുപോകണം'; അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്ന് കർണാടക പൊലീസ്

ഷിരൂർ: കർണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളത്തിൽ നിന്നുള്ളവരോട് ഉടൻ മടങ്ങി പോകണമെന്ന് കർണാടക പൊലീസ്. അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും പൊലീസ് മേധാവി അറിയിച്ചു. രഞ്ജിത് ഇസ്രയേൽ നേതൃത്വം നൽകുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്. രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുവെന്നാണ് ഉ‍യരുന്ന പ്രധാന ആരോപണം. 

എന്നാൽ, ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉൾക്കൊള്ളാൻ കഴിയാത്ത കർണാടക പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന 'ഷോ' ആണ് ഇതിന് പിന്നിലെന്നും കേരളത്തിൽ നിന്ന് എത്തിയ രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തത്തിലേർപ്പെട്ട രഞ്ജിത് ഇസ്രയേലിനെ പിടിച്ചിറക്കി പൊലീസ് തള്ളി മാറ്റിയെന്നും ആക്ഷേപമുണ്ട്. 

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലാണ് ഏഴാം ദിവസത്തിലും പുരോഗമിക്കുന്നത്.  കരയിൽ എട്ടുമീറ്റർ താഴ്ചയിൽ ലോഹ സാന്നിധ്യമുള്ളതായി റഡാൽ  സിഗ്നൽ ലഭിച്ചിരുന്നു. ഇവിടെയാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഡീപ് സെർച്ച് ഡിക്ടറിന്റെ സഹായത്തോടെ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടിടത്ത് സിഗ്നൽ ലഭിക്കുന്നത്. എന്നാൽ, അത് അർജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. പ്രദേശത്ത് ഇടക്കിടെ കനത്ത മഴ പെയ്യുന്നതിനാൽ മണ്ണ് മാറ്റൽ കൂടുതൽ ശ്രമകരമായി തുടരുകയാണ്.

Tags:    
News Summary - shiroor landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.