ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശിവസേനയിലെ മൂന്നു എം.എൽ.എമാർ കൂടി വിമതപക്ഷത്തേക്ക്. രാവിലെ രണ്ട് കാറുകളിലാണ് എം.എൽ.എമാർ ഗുവാഹതിയിലെ ഹോട്ടലിൽ എത്തിയത്. 44 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് വിമതരുടെ പുതിയ അവകാശവാദം. അതേസമയം, ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ വിമത എം.എൽ.എമാർക്കൊപ്പം നിൽകുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
55 ശിവസേന എം.എൽ.എമാരിൽ 34 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് സ്വയം അവരോധിതനായ ഷിൻഡെ, ഈ വിവരം അറിയിച്ച് സ്പീക്കർക്ക് അയച്ച കത്തിൽ 34 എം.എൽ.എമാരാണ് ഒപ്പിട്ടത്. ഇവരിൽ 29 പേരാണ് ശിവസേന എം.എൽ.എമാർ. ശേഷിച്ചത് സ്വതന്ത്രരും ചെറു പാർട്ടി എം.എൽ.എമാരുമാണ്. കൂറുമാറ്റ നിയമം ബാധകമാകാതിരിക്കണമെങ്കിൽ 37 ശിവസേന എം.എൽ.എമാരുടെ പിന്തുണ ഷിൻഡെക്ക് വേണം.
അതേസമയം, ബാൽതാക്കറെ പഠിപ്പിച്ച ഹിന്ദുത്വയുടെ പേരിൽ ബി.ജെ.പിക്കൊപ്പം നിൽക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിൻഡെ വ്യക്തമാക്കി.
അതിനിടെ, ഷിൻഡെയുടെ ക്യാമ്പിൽ നിന്ന് രണ്ട് ശിവസേന എം.എൽ.എമാരായ നിതിൻ ദേശ്മുഖ്, കൈലാസ് പാട്ടീൽ എന്നിവർ മുംബൈയിൽ തിരിച്ചെത്തി. ഇരുവരും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഷിൻഡെയുടെ ആളുകൾ അത്താഴവിരുന്നിന്റെ മറവിൽ തങ്ങളെ സൂറത്തിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.
ശക്തിതെളിയിക്കുന്ന കത്ത് ഏക് നാഥ് ഷിൻഡെയും സംഘവും കൈമാറിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ സ്റ്റിയറിങ് ഗവർണർ ഭഗത് സിങ് കോശിയാരിയുടെ കൈകളിലെത്തി. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനു ശിപാർശ ചെയ്യാം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം. നിയമസഭ സമ്മേളനം വിളിക്കാൻ സ്പീക്കർക്ക് നിർദേശം നൽകാം. ഇക്കാര്യങ്ങളിലെല്ലാം ഗവർണറുടെ തീരുമാനമാണ് അന്തിമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.