മുംബൈ: ബി.ജെ.പിയുടെ തന്ത്ര-കുതന്ത്രങ്ങൾക്ക് കനത്ത പ്രഹരമായി മഹാരാഷ്ട്രയിലെ ജനവിധി. ഏക്നാഥ് ഷിൻഡെയിലൂടെ ശിവസേനയേയും അജിത് പവാറിലൂടെ എൻ.സി.പിയേയും പിളർത്തി ഒപ്പംകൂട്ടി 48 ൽ 45 സീറ്റും പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് ജനം നൽകിയ മറുപടിയായാണ് ഫലത്തെ കാണുന്നത്. പാർട്ടി പിളർത്തിയവർക്ക് പാർട്ടി പേരും ചിഹ്നവും നൽകി അംഗീകാരമേകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്കും വോട്ടിങ്ങിലൂടെ ജനം മറുപടി നൽകി. ഒമ്പത് സീറ്റുകളാണ് ഉദ്ധവ് പക്ഷം നേടിയത്. കഴിഞ്ഞതവണ 18 സീറ്റുകൾ നേടിയെങ്കിലും 13 പേർ ഷിൻഡെ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഈ കൂറുമാറ്റത്തിന് നേതൃത്വം നൽകിയ മുംബൈ സൗത്ത് സെൻഡ്രലിലെ സിറ്റിങ് എം.പി രാഹുൽ ഷെവാലേക്ക് ഉദ്ധവ് പക്ഷ നേതാവ് അനിൽ ദേശായിക്കു മുമ്പിൽ കാലിടറി. അരലക്ഷത്തിലേറെ വോട്ടിനാണ് തോൽവി.
മുംബൈയിൽ രാജ് താക്കറെയുടെ എം.എൻ.എസിനെ കൂട്ടുപിടിച്ചിട്ടും ബി.ജെ.പി സഖ്യത്തിന് നേട്ടമുണ്ടായില്ല. ആറ് സീറ്റിൽ നാലും ഇൻഡ്യ സഖ്യം ജയിച്ചു. ഉദ്ധവ് താക്കറെക്കുള്ള സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്. മറാത്തി-ഗുജറാത്തി പോരും വിജയം കണ്ടു. മുംബൈ നോർത്ത് വെസ്റ്റിൽ 45 വോട്ടിനാണ് ഷിൻഡെ പക്ഷം ജയിച്ചത്.
കുടുംബതട്ടകമായ ബരാമതിയിൽ മകൾ സുപ്രിയയെ വീഴ്ത്തി ശരദ് പവാറിന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനുള്ള ശ്രമത്തിനും കനത്ത പ്രഹരമേറ്റു. ഒന്നരലക്ഷത്തിലേറെ വോട്ടിന് സുപ്രിയ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ തോൽപിച്ചു. അജിത് പവാറിന് കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. എൻ.ഡി.എ യോഗത്തിന് പോകാതെ അജിത് വിട്ടുനിന്നത് ചർച്ചയായി. ഇൻഡ്യ ബ്ലോക്ക് വൻ മുന്നേറ്റം നടത്തിയിരിക്കെ ദേശീയതലത്തിൽ പവാറിന്റെ പ്രസക്തി വർധിച്ചു.
വിദർഭ, മറാത്ത്വാട, ഉത്തര മഹാരാഷ്ട്ര മേഖലകളിൽ എൻ.ഡി.എയെ പിടിച്ചുകെട്ടാൻ ഉദ്ധവ്, പവാർ പക്ഷങ്ങൾക്ക് കഴിഞ്ഞു. ഇവർക്കൊപ്പം വിട്ടുവീഴ്ചയോടെ നിന്ന കോൺഗ്രസ് 13 സീറ്റുമായി വലിയ ഒറ്റകക്ഷിയായി. 2014 ൽ രണ്ടും 2019 ൽ ഒരു സീറ്റുമായിരുന്നു കോൺഗ്രസിന് കിട്ടിയത്. അശോക് ചവാൻ അടക്കം പ്രമുഖർ കൂറുമാറിയിട്ടും കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.