കൊൽക്കത്ത: തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്തുള്ള കത്ത് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ മമതക്ക് അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി സംസ്ഥാനത്ത് 'കലാപം'.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇത് സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി. ''കത്ത് മുഖ്യമന്ത്രിക്കുള്ളതാണ്. പക്ഷേ, ഇത് നൽകിയത് ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്''- സർക്കാർ ട്വീറ്റിൽ കുറ്റപ്പെടുത്തി. വ്യാജമായ ഉള്ളടക്കം കുത്തിനിറച്ച് കത്ത് ഇങ്ങനെ എല്ലാവരിലുമെത്തിച്ച നടപടി ഞെട്ടിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരണത്തിൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ ചുമതല അവസാനിക്കാത്ത ഘട്ടത്തിലാണ് ആക്രമണം നടന്നത്. പുതിയ സർക്കാർ അധികാരമേറിയതോടെ ക്രമ സമാധാനം പുനഃസ്ഥാപിച്ചതായും കുറ്റപ്പെടുത്തി.
സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതോടെ പ്രശ്നങ്ങൾ നിയന്ത്രണ വിധേയമായെന്നും സർക്കാർ പറയുന്നു.
മുഖ്യമന്ത്രിക്കുള്ള കത്തിന്‍റെ പകർപ്പ് ചൊവ്വാഴ്ചയാണ് ഗവർണർ ട്വിറ്ററിലിട്ടത്. മമത ബോധപൂർവം നിശ്ശബ്ദതയും നിസ്സംഗതയും തുടരുകയാണെന്നും പ്രതികാരമെന്ന നിലക്ക് രക്തമൊഴുക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.