ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി; 2015ല്‍ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: 2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്ത സംഭവം ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി. റദ്ദാക്കിയ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നതിനെതിരെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പൊലീസ് നടപടിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത്.

'ആശ്ചര്യം. അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയുന്നൂള്ളൂ. 66എ വകുപ്പ് 2015ല്‍ ശ്രേയ സിംഘാള്‍ കേസില്‍ റദ്ദാക്കിയതാണ്. ഇപ്പോള്‍ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളാണ്' -ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. 66എ വകുപ്പ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളം ആയിരത്തിലേറെ കേസുകള്‍ ഈ വകുപ്പ് ചാര്‍ത്തി എടുത്തതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് പറഞ്ഞു.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണം.

പൊലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, വിചാരണ കോടതികളില്‍ പോലും 66എ വകുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സോംബി ട്രാക്കര്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 2021 മാര്‍ച്ച് 10 വരെ 66 എ ചുമത്തിയ 745 കേസുകള്‍ കോടതികള്‍ക്ക് മുന്നിലുണ്ട്. വകുപ്പ് ചുമത്തിയ എല്ലാ കേസുകളുടെയും വിവരം നല്‍കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിക്കാനും ഹൈകോടതികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാനും ഹരജിയില്‍ അഭ്യര്‍ഥിച്ചു. സെക്ഷന്‍ 66എ റദ്ദാക്കിയതാണെന്നും നിലവിലില്ലെന്നും വ്യക്തമാക്കി എല്ലാ മാധ്യമങ്ങളിലും ജനങ്ങളെ ബോധവത്കരിക്കാന്‍ പരസ്യം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദമായ 66 എ വകുപ്പ് 2015ല്‍ സുപ്രീംകോടതി റദ്ദാക്കിയത്. ഇന്റര്‍നെറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 66 എ വകുപ്പ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമായിരുന്ന കുറ്റമായിരുന്നു ഇത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.


Tags:    
News Summary - Shocking' : Supreme Court On Registering FIRs Under Struck Down Section 66A IT Act; Issues Notice On Plea Seeking Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.