രാമനവമി റാലിക്ക് നേരെ കല്ലെറിഞ്ഞെന്ന് കേസ്; 'പ്രതി'ക്ക് രണ്ട് കൈയുമില്ല; പൊലീസ് കട തകർത്തു

മധ്യപ്രദേശിലെ ഖർഗോണിൽ രാമനവമി ഘോഷയാത്രയുമായി ബന്ധ​പ്പെട്ട് ഉണ്ടായ സംഘർഷങ്ങൾക്ക് ഇനിയും അയവുണ്ടായിട്ടില്ല. ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് നിരവധി പേരുടെ സ്വത്തുവകകളാണ് ഭരണകൂടം കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

അധികൃതർ പോലും ഏകപക്ഷീയമായ നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇരകൾ. 40ലധികം മുസ്‍ലിംകളുടെ വീടുകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയിരുന്നു. മാത്രമല്ല, വിവിധ കേസുകളിൽ നിലവിൽ ജയിലിൽ കഴിയുന്ന യുവാക്കൾക്കെതിരെ വരെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞു എന്ന കാരണത്താൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ ഇരുകയ്യുമില്ലാത്ത മുസ്‌ലിം യുവാവിന്‍റെ ഏക ഉപജീവനമാർഗമായിരുന്ന കടയും ജില്ലാ ഭരണകൂടം ഇടിച്ചുനിരപ്പാക്കിയതായി റിപ്പോര്‍ട്ട്.

2005ലാണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഇയാളുടെ രണ്ട് കൈകളും മുട്ടിന് താഴെ മുറിച്ചുനീക്കിയത്. അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖ് ഉപജീവനത്തിനായി നടത്തിയ കടയാണ് ഏപ്രിൽ 11ന് അധികാരികൾ പൊളിച്ചുകളഞ്ഞത്.

രാമനവമിയോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിന്റെ പേരിൽ നിരവധി മുസ്‌ലിം ചെറുപ്പക്കാർക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് ഏകപക്ഷീയമായി കേസെടുത്തത്. സമാനമായ മറ്റൊരു കേസിൽ മാർച്ച് അഞ്ച് മുതൽ ജയിലിൽ കഴിയുന്ന മൂന്ന് മുസ്‌ലിം യുവാക്കളുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷം നടക്കുമ്പോൾ ഇവർ ജയിലിലായിരുന്നു. ഇതിൽ ഒരാളുടെ വീടും മറ്റു 16 വീടുകൾക്കൊപ്പം ഏപ്രിൽ 11ന് ഇടിച്ചുനിരത്തി.

ഷഹബാസ്, ഫക്രു, റൗഫ് എന്നിവർക്കെതിരെയാണ് പൊലീസ് കള്ളക്കേസെടുത്തതായി ആരോപണമുയർന്നത്. കഴിഞ്ഞ മാസം മുതൽ ജയിലിൽ കഴിയുന്ന ഇവർ ഏപ്രിൽ 10ന് നടന്ന സംഘർഷത്തിൽ ബർവാനി ജില്ലയിലെ സെന്ദാവയിൽ മോട്ടോർ ബൈക്ക് കത്തിച്ചെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ വീണ്ടും കേസെടുത്തത്. ഇവരുടെ പേരിൽ കൊലപാതകശ്രമത്തിന് കേസുള്ള അതേ പൊലീസ് സ്റ്റേഷനിൽ തന്നെയാണ് കലാപത്തിനും കേസെടുത്തിരിക്കുന്നത്.

കേസെടുത്തതിലെ വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നായിരുന്നു ബൻവാരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മറുപടി. ജയിൽ സൂപ്രണ്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പ്രാഥമികമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മനോഹർ സിങ്ങിനെ ഉദ്ധരിച്ച് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വെച്ചുനൽകിയ വീടുകളും അധികൃതർ പൊളിച്ചുമാറ്റിയവയിൽ പെടും. ഈ കുടുംബങ്ങൾ ഇപ്പോൾ കാലിത്തൊഴുത്തിലാണ് കഴിയുന്നത്. 

Tags:    
News Summary - Shop of man with no hands razed for 'rioting' in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.