പുണെ: നഗരത്തിലെ തങ്ങളുടെ അധികാര പരിധിയിൽനിന്ന് സൗജന്യമായി ബിരിയാണി വാങ്ങാൻ കീഴ് ഉദ്യോഗസ്ഥനോട് മുതിർന്ന ഉദ്യോഗസ്ഥ ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് വൈറലായതിൽ അന്വേഷണം. പുണെ ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക നർനവാരേക്കെതിരെയാണ് ആഭ്യന്തരമന്ത്രി ദിലീപ് വാൽെസ പട്ടീൽ അന്വേഷണം പ്രഖ്യാപിച്ചത്.
കീഴ് ഉദ്യോഗസ്ഥനോട് നഗരത്തിൽ എവിടെയാണ് നല്ല ബിരിയാണി ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥ ചോദിക്കുന്നത് കേൾക്കാം. പിന്നീട്, ബിരിയാണി വാങ്ങാൻ ആവശ്യപ്പെടുകയും തങ്ങളുടെ അധികാര പരിധിയിലായതിനാൽ പണം നൽകേണ്ടെന്നും നിർദേശിക്കുകയായിരുന്നു.
അതേസമയം, ഓഡിയോ ക്ലിപ്പ് കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ആഭ്യന്തരമന്ത്രിയുടെ പുണെ സന്ദർശനത്തിനിടെ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 'ഞാൻ ഓഡിയോ ക്ലിപ്പ് കേട്ടു. ഇത് ഗൗരവമേറിയ വിഷയമാണ്. സംഭവത്തിൽ പൊലീസ് കമീഷണറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹം റിപ്പോർട്ട് നൽകിയാൽ ഓഫിസർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കും' -ദിലീപ് വാൽസെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.